പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയത് പൊലീസുകാരന്‍;പള്‍സര്‍ സുനി ദിലീപിന് എഴുതിയെന്ന് പറയുന്ന കത്ത് അയാളല്ല എഴുതിയത് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ആരോപിച്ച് മുന്‍ ഡി.ജി.പി ആര്‍ .ശ്രീലേഖ

പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയത് പൊലീസുകാരന്‍;പള്‍സര്‍ സുനി ദിലീപിന് എഴുതിയെന്ന് പറയുന്ന കത്ത് അയാളല്ല എഴുതിയത് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ആരോപിച്ച് മുന്‍ ഡി.ജി.പി ആര്‍ .ശ്രീലേഖ
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയത് ഒരു പൊലീസുകാരനാണെന്ന് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസ്. ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയി തിരികെ വരുമ്പോഴെല്ലാം പ്രതികളുടെ ശരീരം വിശദമായി പരിശോധിക്കും. പലപ്പോഴും വസ്ത്രമഴിച്ച് തന്നെയാണ് പരിശോധിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ ജയിലിലേക്ക് ഫോണ്‍ എത്തിക്കുന്നത് നടക്കാത്ത കാര്യമാണ്.

ഷൂ ആണ് ധരിച്ചിരുന്നതെങ്കില്‍ അതിനകത്ത് ഒളിപ്പിച്ച് ഫോണ്‍ കടത്തിയെന്ന് പറയാം എന്നാല്‍ ചെരുപ്പിന്റെ അകത്ത് ഒരിക്കലും ഫോണ്‍ ഒളിപ്പിച്ചുകൊണ്ടുവരാന്‍ പറ്റില്ല. അതൊക്കെ വിശദമായി പരിശോധിക്കാറുണ്ട്. വീഡിയോ ക്യാമറയില്‍ പരിശോധിച്ചപ്പോള്‍, പള്‍സര്‍ സുനി ഫോണ്‍ ചെയ്യുന്നത് കണ്ടതാണ്. സുനിയെയും സഹതടവുകാരനെയും ജയിലില്‍ നിന്ന് കൊണ്ടുപോകുകയും തിരികെയെത്തിക്കുകയും ചെയ്ത ഒരു പൊലീസുകാരന്‍ ജയിലിന്റെ ഗേറ്റ് കടന്നും അകത്തേക്ക് വന്നിരുന്നു.

ഈ പൊലീസുകാരന്‍ സുനിയുമായി രഹസ്യമായി സംസാരിക്കുന്നതും എന്തോ കൈമാറുന്നതും പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ വിഡിയോയിലുണ്ടായിരുന്നു. ആ പൊലീസുകാരനായിരിക്കണം ഫോണ്‍ കടത്തിക്കൊടുത്തത് എന്നാണ് തങ്ങള്‍ അനുമാനിച്ചത്. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് ഡിജിപിയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അന്വേഷണം എവിടെ എത്തിയെന്ന് വ്യക്തമല്ലെന്നും ശ്രീലേഖ പറഞ്ഞു.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് എഴുതിയെന്ന് പറയുന്ന കത്ത് അയാളല്ല എഴുതിയത്. ആ കത്ത് സഹ തടവുകാരനായ വിപിനാണ് എഴുതിയതെന്നും ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചതാണെന്നും സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ആര്‍ ശ്രീലേഖ വെളിപ്പെടുത്തി.

ഒരു സര്‍ക്കാര്‍ ജോലിയിലിരിക്കുന്നയാള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ട്. അതിനാലാണ് ഇക്കാര്യങ്ങളില്‍ ഇതുവരെ പ്രതികരിക്കാതിരുന്നത്. അറിയിക്കേണ്ട കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. പല പരാതികളും ഉയര്‍ത്തിയപ്പോള്‍, ചൂടായിട്ടുള്ള പ്രതികരണങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്നും ശ്രീലേഖ വീഡിയോയില്‍ പറയുന്നു.

Other News in this category



4malayalees Recommends