ബംഗാള്‍ മന്ത്രിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇരുപത് കോടി പിടിച്ചെടുത്ത് ഇഡി

ബംഗാള്‍ മന്ത്രിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇരുപത് കോടി പിടിച്ചെടുത്ത് ഇഡി
ബംഗാള്‍ മന്ത്രിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഇരുപത് കോടി രൂപ. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ വ്യവസായ വിദ്യാഭ്യാസമന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്ത് അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിലാണ് 20 കോടിയോളം രൂപയുടെ കറന്‍സി കണ്ടെടുത്തത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍, പശ്ചിമ ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയിലെ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധയിടങ്ങളില്‍ ഇഡി നടത്തിയ പരിശോധയിലാണ് വന്‍തുക കണ്ടെത്തിയത്. കണ്ടെത്തിയ തുക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച വരുമാനമാണെന്ന നിഗമനത്തിലാണ് ഇഡി.

കണ്ടെത്തിയ തുകയുടെ കൃത്യമായ മൂല്യമറിയാന്‍ ക്യാഷ് കൗണ്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച് കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിനായി ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായവും ഇഡി തേടി. അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ നിന്നും ഇരുപതിലധികം മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഫോണുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണെന്ന് ഇഡി അറിയിച്ചു.

വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ കൂച്ച് ബിഹാര്‍ ജില്ലയിലെ വസതിയിലും ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. എസ്എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതി കേസില്‍ രണ്ട് മന്ത്രിമാരെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു.

Other News in this category



4malayalees Recommends