അര്‍പ്പിതയുടെ വീട്ടില്‍ കണ്ടെത്തിയ 20 കോടി കുരുക്കായി; ബംഗാള്‍ മന്ത്രിസഭയിലെ രണ്ടാമനും അറസ്റ്റില്‍

അര്‍പ്പിതയുടെ വീട്ടില്‍ കണ്ടെത്തിയ 20 കോടി കുരുക്കായി; ബംഗാള്‍ മന്ത്രിസഭയിലെ രണ്ടാമനും അറസ്റ്റില്‍
ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തതായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജിക്ക് വിനയായിത്തീര്‍ന്നത്. കോടികള്‍ കണ്ടെത്തിയതിന് പിന്നാലെ പാര്‍ത്ഥയെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.

പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനിലെയും പശ്ചിമ ബംഗാള്‍ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ ഡിയുടെ സംശയം. ബംഗാളിലെ മുന്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി. അതുകൊണ്ടുതന്നെ അഴിമതിയില്‍ ഇദ്ദേഹവും പങ്കാളിയാണെന്നാണ് ഇ ഡി സംശയിക്കുന്നത്.

ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ വിവാദത്തിന് തിരി കൊളുത്തിരിക്കുകയാണ് സംഭവം. അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂര്‍ത്തിയാക്കിയത്.

Other News in this category



4malayalees Recommends