മദ്യപിച്ച് അബോധാവസ്ഥയില്‍ അധ്യാപിക ; ചുറ്റും ഓടിക്കളിച്ച് വിദ്യാര്‍ത്ഥികള്‍ ; പൊലീസ് കേസെടുത്തു

മദ്യപിച്ച് അബോധാവസ്ഥയില്‍ അധ്യാപിക ; ചുറ്റും ഓടിക്കളിച്ച് വിദ്യാര്‍ത്ഥികള്‍ ; പൊലീസ് കേസെടുത്തു
മദ്യപിച്ച് ക്ലാസ്മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന അധ്യാപികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കസേരിയില്‍ ബോധം മറിഞ്ഞു കിടക്കുന്ന അധ്യാപികയ്ക്ക് ചുറ്റും വിദ്യാര്‍ത്ഥികള്‍ കളിച്ചുല്ലസിക്കുന്നുമുണ്ട്. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയിലെ ടിക്കായത്ത്ഗഞ്ച് പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപികയ്ക്ക് ബോധക്ഷയം സംഭവിച്ച് കിടക്കുന്നതാണെന്നാണ് ആദ്യം ധരിച്ചത്.

എന്നാല്‍ കുട്ടികളോട് കാര്യം തിരക്കിയപ്പോളാണ് അധ്യാപിക 'അടിച്ചുപൂസായി' കിടക്കുകയാണെന്ന് വ്യക്തമായത്. ഒടുവില്‍ പോലീസുകാരെ വിളിച്ചുവരുത്തി അധ്യാപികയ്‌ക്കെതിരേ കേസെടുക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് മദ്യലഹരിയില്‍ ക്ലാസ്മുറിയില്‍ വീണുകിടക്കുന്ന നിലയില്‍ അധ്യാപികയെ കണ്ടത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറായ സിദ്ദീഖ് രാവിലെ 11 മണിയോടെയാണ് സ്‌കൂളില്‍ പരിശോധനയ്ക്കായി എത്തിയത്.

എന്നാല്‍ അധ്യാപികയായ ജഗ്പതി ഭഗത് ക്ലാസ്മുറിയില്‍ വീണുകിടക്കുന്നതായിരുന്നു അദ്ദേഹം കണ്ടത്. അധ്യാപികയ്ക്ക് ചുറ്റും വിദ്യാര്‍ഥികള്‍ കളിച്ചുനടക്കുകയായിരുന്നു. ഇതെല്ലാം കണ്ടതോടെ കുഴഞ്ഞുവീണതാകുമെന്ന് കരുതി അധ്യാപികയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ കുടിച്ചിട്ട് കിടക്കുകയാണെന്ന് അറിഞ്ഞതോടെ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. അധ്യാപികയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി. ആകെ 54 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ഏക അധ്യാപികയാണ് ജഗ്പതി ഭഗത്.

ഇവര്‍ നേരത്തെയും സ്‌കൂളില്‍ മദ്യപിച്ച് വന്നിരുതായാണ് വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. മദ്യലഹരിയില്‍ സ്‌കൂളിലേക്ക് വരുന്നത് ആവര്‍ത്തിച്ചതോടെ സ്‌കൂള്‍ കമ്മിറ്റിയും പ്രധാനാധ്യാപികയും ഇവര്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അടിച്ചുപൂസായ ശേഷം അധ്യാപിക സ്‌കൂളിലെത്തുന്നത് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.

Other News in this category



4malayalees Recommends