അഭിമാന നിമിഷം ; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു

അഭിമാന നിമിഷം ; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിയാകുന്ന ഗോത്രവിഭാഗത്തില്‍ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകള്‍ ദ്രൗപദി മുര്‍മുവിനുണ്ട്. സത്യപ്രതിജ്ഞയ്ക്കായി ദ്രൗപദി മുര്‍മു തന്റെ താല്‍ക്കാലിക വസതിയായ ഉമാ ശങ്കര്‍ ദീക്ഷിത് ലെയ്‌നില്‍ നിന്ന് രാവിലെ 08.15 ന് രാജ്ഘട്ടില്‍ എത്തി. ദ്രൗപദി മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സെന്‍ട്രല്‍ ഹാളിലേക്കാനയിച്ചു.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ രജിസ്റ്ററില്‍ ഒപ്പിട്ട രാഷ്ട്രപതി, സെന്‍ട്രല്‍ ഹാളില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഡല്‍ഹിയില്‍ വലിയ ആഘോഷപരിപാടികള്‍ ഒരുക്കിയിരുന്നു . രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗ്ഗ കലാസംഘങ്ങള്‍ ദ്രൗപദി മുര്‍മുവിന്റെ വസതിയിലേക്ക് എത്തി. ആദിവാസി മേഖലകളില്‍ രണ്ടു ദിവസം നീളുന്ന ആഘോഷപരിപാടികള്‍ ബിജെപി സംഘടിപ്പിക്കും. സ്ഥാനമൊഴിഞ്ഞ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാംവിലാസ് പസ്വാന്‍ താമസിച്ചിരുന്ന 9 ജന്‍പഥിലേക്ക് താമസം മാറ്റും.

Other News in this category



4malayalees Recommends