വളര്‍ത്തുനായയെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യത്തിന് ഭര്‍ത്താവും വീട്ടുകാരും വഴങ്ങിയില്ല ; മനംനൊന്ത് യുവതിയും മകളും ജീവനൊടുക്കി

വളര്‍ത്തുനായയെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യത്തിന് ഭര്‍ത്താവും വീട്ടുകാരും വഴങ്ങിയില്ല ;  മനംനൊന്ത് യുവതിയും മകളും ജീവനൊടുക്കി
വളര്‍ത്തുനായയെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്താത്തതില്‍ മനംനൊന്ത് അമ്മയും മകളും ജീവനൊടുക്കി. ബംഗളൂരു ബനസ് വാടി എച്ച്.ബി.ആര്‍. ലേ ഔട്ടിലെ ശ്രീനിവാസിന്റെ ഭാര്യ ദിവ്യ(36) മകള്‍ ഹൃദ്യ(13) എന്നിവരാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ദിവ്യ ശ്വാസകോശ സംബന്ധമായ രോഗങ്ങളും തൊലിപ്പുറത്തെ അലര്‍ജിയും നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നായയെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍, ഭര്‍തൃവീട്ടുകാര്‍ ഇതിന് വിസമ്മതിച്ചതെന്നും ഇതിന്റെ വിഷമത്തിലാണ് ദിവ്യയും മകളും ജീവനൊടുക്കിയതെന്നുമാണ് ഉയരുന്ന ആരോപണം. സംഭവത്തില്‍ ദിവ്യയുടെ ഭര്‍ത്താവ് ശ്രീനിവാസിനെ ഗോവിന്ദപുര പോലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശ്രീനിവാസിന്റെ മാതാപിതാക്കളായ ജനാര്‍ദന്‍, വസന്ത എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തു.

തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിലെ ഫാനില്‍ ദിവ്യയെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഏറെനേരം കഴിഞ്ഞിട്ടും ദിവ്യയും മകളും മുറിയില്‍നിന്ന് പുറത്തുവരാതിരുന്നതോടെ ഭര്‍ത്താവ് മുറിയില്‍ കയറി നോക്കിയപ്പോളാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. അതേസമയം, മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

അതേസമയം, ദിവ്യയുടെ പിതാവായ എം.കെ. രാമനാണ് വളര്‍ത്തുനായയെച്ചൊല്ലിയുള്ള പ്രശ്‌നമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് പരാതി നല്‍കിയത്. 2008ലാണ് ദിവ്യയും ശ്രീനിവാസും വിവാഹിതരായത്. ശ്രീനിവാസിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഇവരുടെ താമസം. വളര്‍ത്തുനായയെ ഇനിയും വീട്ടില്‍ നിര്‍ത്തിയാല്‍ താനും മകളും ജീവനൊടുക്കുമെന്ന് ദിവ്യ ഭര്‍തൃവീട്ടുകാരോട് പറഞ്ഞിരുന്നതായി കുടുംബം പറയുന്നു. എന്നാല്‍ ദിവ്യ മരിച്ചാല്‍ തങ്ങള്‍ക്കൊന്നും സംഭവിക്കില്ലെന്നും വളര്‍ത്തുനായയെ വീട്ടില്‍ തന്നെ നിര്‍ത്തുമെന്നുമാണ് ഭര്‍തൃവീട്ടുകാരും മറുപടി പറഞ്ഞതോടെയാണ് ആത്മഹത്യയിലേയ്ക്ക് തിരിഞ്ഞതെന്നാണ് വിവരം.

Other News in this category



4malayalees Recommends