ക്രമക്കേട് നടത്താന്‍ കൈക്കൂലി വാങ്ങിയ എംജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടു

ക്രമക്കേട് നടത്താന്‍ കൈക്കൂലി വാങ്ങിയ എംജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടു
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ എംജി സര്‍വകലാശാല അസിസ്റ്റന്റ് സിജെ എല്‍സിക്ക് ഇനി വീട്ടില്‍ വിശ്രമിക്കാം. 48കാരിയായ എല്‍സിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഒക്ടോബറിലെ ശുപാര്‍ശ അടുത്ത് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് പിരിച്ചുവിടാനുള്ള തീരുമാനം കൈകൊണ്ടത്. സിന്‍ഡിക്കേറ്റ് യോഗം ശുപാര്‍ശ അംഗീകരിച്ചതിന് പിന്നാലെ എല്‍സിയെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

ഈ വര്‍ഷം ജനുവരി 29നാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് എല്‍സി വിജിലന്‍സ് പിടിയിലായത്. എല്‍സി മറ്റു പല കുട്ടികളില്‍ നിന്ന് കൂടി പണം വാങ്ങിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു. നേരത്തെ സിന്‍ഡിക്കേറ്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ പരിശോധനയിലും എല്‍സി പണം വാങ്ങിയെന്ന സൂചന ലഭിച്ചു. എല്‍സിയുടെ അക്കൗണ്ട് വിവരങ്ങളില്‍ നിന്നാണ് വിജിലന്‍സിന് നിര്‍ണായക തെളിവ് കിട്ടിയത്.

നാല് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധ ഘട്ടങ്ങളായാണ് എല്‍സിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. 20102014 ബാച്ചിലെ വിദ്യാര്‍ത്ഥികളാണിവര്‍. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ ലക്ഷ്യമിട്ടായിരുന്നു എല്‍സി തന്റെ നീക്കങ്ങള്‍ നടത്തിയത്. സാമ്പത്തിക ചുറ്റുപാടും മനസിലാക്കി നിരന്തമുള്ള ഫോണ്‍ സംഭാഷണങ്ങളിലൂടെയാണ് പണമിടപാട് നടത്തിയിരുന്നത്.

2014-2016 ബാച്ചില്‍ ഏറ്റുമാനൂര്‍ മംഗളം കോളേജില്‍ നിന്ന് എംബിഎ പാസായ വിദ്യാര്‍ഥിനിയോട് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കാന്‍ 30,000 ആവശ്യപ്പെട്ട എല്‍സി ആദ്യ ഗഡുവായി 15,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സിന്റെ പിടിയിലായത്.

Other News in this category



4malayalees Recommends