എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം ജ്യൂസ് കുടിക്കാന്‍ പോയി , പിന്നാലെ മരണം ; 11 വര്‍ഷത്തിന് ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവ്

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം ജ്യൂസ് കുടിക്കാന്‍ പോയി , പിന്നാലെ മരണം ; 11 വര്‍ഷത്തിന് ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവ്
ബേക്കറിയില്‍നിന്ന് ജ്യൂസ് കുടിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി മരിച്ചെന്ന കേസില്‍ 11 വര്‍ഷത്തിനുശേഷം സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കൊല്ലം വെട്ടിപ്പുഴ മേലേപ്പറമ്പില്‍ വീട്ടില്‍ സുധീന്ദ്രപ്രസാദിന്റെ മകനും ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും ആയിരുന്ന റാണാ പ്രതാപ് സിങ്ങാണ് മരിച്ചത്. സിബിഐ കേസ് അന്വേഷിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ സംശയകരമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി തുടര്‍ച്ചയായി പരാതി സമര്‍പ്പിച്ച സാഹചര്യത്തിലാണ് കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചത്.

2011 മാര്‍ച്ച് 26നാണ് കേസിനാസ്പദമായ സംഭവം. എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സുഹൃത്തുക്കളുമായി കൊല്ലം പുനലൂരിലെ ബേക്കറിയില്‍നിന്ന് ജ്യൂസ് കുടിച്ച് ഇറങ്ങിയ റാണാ പ്രതാപ്, വൈകിട്ട് നാലരയോടെ മരിക്കുകയായിരുന്നു. ഒപ്പം ജ്യൂസ് കുടിച്ച സഹപാഠികള്‍ക്ക് ആര്‍ക്കും കുഴപ്പം ഉണ്ടായില്ല.

എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ റാണാ പ്രതാപിന്റെ ആമാശയത്തില്‍ ഫോര്‍മിക് ആസിഡിന്റെ അംശം കണ്ടെത്തി. പൊലീസ് അന്വേഷണത്തില്‍ കുട്ടിയുടെ ശരീരത്തില്‍ എങ്ങനെ ആസിഡ് അംശം എത്തിയെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കുട്ടിയുടെ പിതാവ് സുധീന്ദ്ര പ്രസാദ് കോടതിയെ സമീപിച്ചത്.

2017 നവംബര്‍ 20ന് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം നരഹത്യ ആയേക്കാമെന്ന നിഗമനത്തില്‍ എത്തിയെങ്കിലും ഉറപ്പിക്കാനായില്ല.

സഹപാഠികള്‍ക്ക് നേരെ അന്വേഷണം നീണ്ടെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സുധീന്ദ്ര പ്രസാദ് മരിച്ചതോടെ മറ്റൊരു മകന്‍ ഛത്രപതി ശിവജിയെ കേസില്‍ കക്ഷി ചേര്‍ത്താണ് ഇപ്പോള്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends