അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവഴിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവഴിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവാക്കിയതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവരാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. തൃശൂരിലെ ഒരു പുതുതലമുറ ബാങ്കുകളിലൊന്നിലാണ് സംഭവം.ഇവരിലൊരാള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. പെട്ടെന്ന് രണ്ട് കോടിയോളം രൂപ അക്കൗണ്ടിലേക്ക് എത്തിയത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ മത്സരിച്ച് പണം ചെലവഴിക്കാന്‍ തുടങ്ങി. കടങ്ങള്‍ വീട്ടിയും ഷെയര്‍ മാര്‍ക്കറ്റിലും മറ്റും പണമിടപാട് നടത്തിയും ഇവര്‍ പണം ഉപയോഗിച്ചു. ചെലവാക്കും തോറും ഘട്ടംഘട്ടമായി പിന്നെയും പണം എത്തിത്തുടങ്ങിയതോടെ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. 171 പണമിടപാടുകളാണ് ഇരുവരും നടത്തിയത്.

പണം നഷ്ടപ്പെടുന്നുണ്ടെന്ന് ബാങ്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഈ ബാങ്കും മറ്റൊരു ബാങ്കും ലയനം നടക്കുകയായിരുന്നു. ഇതിനിടയിലാണ് പണം യുവാവിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് നിഗമനം. ഇവര്‍ ചെലവാക്കിയ ഭൂരിഭാഗം തുകയും കണ്ടെത്താനായിട്ടുണ്ട്. എന്നാലും ഇനിയും ലക്ഷങ്ങള്‍ ലഭിക്കാനുണ്ട്. അര്‍ഹമല്ലാത്ത പണം ചെലവാക്കിയെന്നതാണ് ഇവരുടെ പേരിലെ ആരോപണം. ഇവരുടെ പേരില്‍ മറ്റു കേസുകളൊന്നുമില്ല എന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പണം അക്കൗണ്ടിലെത്തിയത് ബാങ്കിനെ അറിയിക്കാമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Other News in this category



4malayalees Recommends