നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ അവകാശവാദം സംശയകരം ; ആരോപണവുമായി ന്യൂസിലന്‍ഡ്

നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ അവകാശവാദം സംശയകരം ; ആരോപണവുമായി ന്യൂസിലന്‍ഡ്
ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ അവകാശവാദത്തില്‍ ന്യൂസിലന്‍ഡ് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പിറ്റേഴ്‌സ് സംശയം ഉന്നയിച്ചു. കാനഡ നല്‍കിയ തെളിവുകളിലാണ് പീറ്റേഴ്‌സ് സംശയം പ്രകടിപ്പിച്ചത്.

ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ പീറ്റേഴ്‌സ് ഒരു ദേശീയ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഫൈവ്- ഐസ് ഇന്റലിജന്‍സ് സഖ്യത്തിലെ അംഗമായ ന്യൂസിലന്‍ഡിനു നിജ്ജാര്‍ കേസുമായി ബന്ധപ്പെട്ട് കാനഡയില്‍ നിന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിജ്ജാര്‍ കേസുമായി ബന്ധപ്പെട്ട് കാനഡയുടെ അവകാശവാദങ്ങളെ ഫൈവ് എസ് പങ്കാളി ചോദ്യം ചെയ്യുന്നത് ഇതാദ്യമായാണ്.

ന്യൂസിലന്‍ഡ് തങ്ങളുടെ നിലപാട് ഇന്ത്യയെ അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മുന്‍ സര്‍ക്കാര്‍ പ്രാഥമികമായി കൈകാര്യം ചെയ്ത വിഷയം കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞു. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ കൂടിയാണ് തന്റെ ചോദ്യമെന്നും പീറ്റേഴ്‌സ് പറഞ്ഞു.

2023 ജൂണ്‍ 18ന് വൈകുന്നേരമാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയില്‍ നിന്നു പുറത്തിറങ്ങിയ നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ ഭീകരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ മരണം ഇന്ത്യയും കാനഡയും തമ്മിലുള്ള വലിയ നയതന്ത്ര തര്‍ക്കത്തിന് കാരണമായി.

Other News in this category



4malayalees Recommends