കട്ടപ്പന ഇരട്ടകൊലപാതകക്കേസിലെ മുഖ്യപ്രതി നോവല്‍ എഴുത്തുകാരന്‍ ; സ്വന്തം ജീവിതാനുഭവവും കഥയാക്കി !!

കട്ടപ്പന ഇരട്ടകൊലപാതകക്കേസിലെ മുഖ്യപ്രതി നോവല്‍ എഴുത്തുകാരന്‍ ; സ്വന്തം ജീവിതാനുഭവവും കഥയാക്കി !!
കട്ടപ്പന ഇരട്ടകൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷ് രാജന്റെ കുറ്റകൃത്യങ്ങള്‍ക്ക് 'ദൃശ്യം' സിനിമയിലെ നായകനുമായി സമാനതകള്‍ ഏറെ. ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ നോവലിസ്റ്റാണ് ഇയാള്‍. നിതീഷ് പി ആര്‍ എന്ന പേരിലാണ് ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ നോവലുകള്‍ എഴുതി പ്രസിദ്ധീകരിച്ചിരുന്നത്. ഇതില്‍ മഹാമന്ത്രികം എന്ന നോവലില്‍, ഇയാളുടെ കുറ്റകൃത്യങ്ങള്‍ക്ക് സമാനമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്.

സ്വന്തം കുഞ്ഞിനേയും കുഞ്ഞിന്റെ മുത്തശ്ശനേയും കൊലപ്പെടുത്തിയ കേസില്‍ നിതീഷ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിജയന്‍ എന്ന വ്യക്തിയും ഇയാളുടെ മകളില്‍ നിതീഷിന് ജനിച്ച കുഞ്ഞുമാണ് കൊല്ലപ്പെട്ടത്.

മഹാമന്ത്രികം എന്ന പേരില്‍ പ്രസിദ്ധീകരിച്ച നോവലില്‍ ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ഒരു നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിലൂടെ സ്വന്തം വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ദുര്‍മന്ത്രവാദിയും അതിനെതിരെ പ്രവര്‍ത്തിച്ച് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിന്റെ ഇതിവൃത്തം. കൊല്ലപ്പെട്ട വിജയന്റെ കുടുംബത്തിലേക്ക് നിതീഷ് എത്തുന്നതും മന്ത്രവാദിയായാണ്.

വിജയന്റെ മകളില്‍ ഇയാള്‍ക്ക് കുട്ടി ജനിക്കുകയും 2016 ല്‍ നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ കൊലപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിന് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഹാമന്ത്രികം എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. ആറ് അദ്ധ്യായങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച് തുടരും എന്ന് കാണിച്ചാണ് നോവല്‍ അവസാനിക്കുന്നത്. അര ലക്ഷത്തോളം ആളുകള്‍ ഈ നോവല്‍ വായിച്ചിരുന്നു. അവസാന അധ്യായത്തില്‍ 212 പേര്‍ റിവ്യൂ ഇട്ടു. നോവല്‍ തുടരണമെന്ന് അഭ്യര്‍ഥിച്ച് നിരവധിപേരാണ് കമന്റിട്ടത്.

കൊലപാതകത്തിന് ശേഷമുള്ള നോവല്‍ എഴുത്ത് മാത്രമല്ല ദൃശ്യവുമായുള്ള നിതീഷിന്റെ കുറ്റകൃത്യങ്ങളുടെ സാമ്യത. ദൃശ്യം സിനിമയിലെ നായകന്‍ മൃതദേഹം പോലീസ് സ്റ്റേഷന്റെ തറയിലാണ് മറവു ചെയ്തതെങ്കില്‍ ഇയാള്‍ മറവു ചെയ്തത് താമസിച്ചിരുന്ന വീടിന്റെ തറയിലാണ്. കൂട്ടുപ്രതിയായ വിജയന്റെ മകന്‍ വിഷ്ണു പിടിയിലായപ്പോള്‍ സംഭവദിവസം താന്‍ കൊച്ചിയിലായിരുന്നു എന്നും പറയുകയും അതിനെ സാധൂകരിക്കാന്‍ ബസ് ടിക്കറ്റ് കാണിക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends