റിസോര്‍ട്ടില്‍ ഒളിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ത്തല്ലിയ കേസ് ; പരിക്കേറ്റ എംഎല്‍എയുടെ ഭാര്യ നിയമ നടപടിയ്ക്ക്

റിസോര്‍ട്ടില്‍ ഒളിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ത്തല്ലിയ കേസ് ; പരിക്കേറ്റ എംഎല്‍എയുടെ ഭാര്യ നിയമ നടപടിയ്ക്ക്
ബിജെപി ഭയന്ന് ബംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ ഒളിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ത്തല്ലിയ കേസ് പുതിയ വഴിത്തിരിവില്‍. തന്റെ ഭര്‍ത്താവിനെ ആക്രമിച്ചതിന് ജെ എന്‍ ഗണേഷ് എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യ വ്യക്തമാക്കി. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആനന്ദ് സിങ് എംഎല്‍എയുടെ ഭാര്യ ലക്ഷ്മി സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗണേഷ് തന്റെ ഭര്‍ത്താവിനെ ആക്രമിച്ചുവെന്ന വാര്‍ത്ത സത്യമാണെന്നും താനും മക്കളും നിശ്ശബ്ദത പാലിക്കുമെന്ന് കരുതേണ്ടെന്നും മുംബൈയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹോസ്‌പെറ്റില്‍ നിന്നുള്ള ജനപ്രതിനിധി ആനന്ദ് സിങ് ഇപ്പോഴും സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പരസ്യപ്രതികരണത്തിനു നേതൃത്വം മടിക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ മുന്നേറുകയാണ്. ബിജെപി ക്യാമ്പുമായി അടുപ്പത്തിലായ കാംപ്ലി എംഎല്‍എ കെ.ഗണേഷ് ആണ് സിംഗിനെ മര്‍ദ്ദിച്ചത്. ബെല്ലാരി ജില്ലക്കാരാണ് ഇരുവരും. ശരീരത്തില്‍ പല ഭാഗത്തും മര്‍ദ്ദനമേറ്റ ആനന്ദ് സിംഗിന്റെ കണ്ണുകള്‍ തടിച്ചുവീര്‍ത്ത നിലയിലാണ്. നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ടെന്നും ഇപ്പോള്‍ ആശുപത്രി വാര്‍ഡിലേക്കു മാറ്റിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതിയെ പറ്റി തനിക്ക് വ്യക്തമായ ധാരണയില്ല. മന്ത്രി ഡികെ ശിവകുമാറുമായി തന്റെ മകന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞുവെന്നും ലക്ഷ്മി സിങ് മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Other News in this category



4malayalees Recommends