ജോലിസംബന്ധമായ പ്രശ്‌നങ്ങളിലെ പൊതു ഉപദേശങ്ങള്‍ക്ക് പ്രൊഫഷണല്‍ അഡൈ്വസ് സെല്‍ രൂപീകരിച്ച് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍

ജോലിസംബന്ധമായ പ്രശ്‌നങ്ങളിലെ പൊതു ഉപദേശങ്ങള്‍ക്ക് പ്രൊഫഷണല്‍ അഡൈ്വസ് സെല്‍ രൂപീകരിച്ച് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍

കൊറോണ രോഗ ബാധയും ദുരന്തഫലങ്ങളും ലോക ജനതയെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയും, സാധാരണ ജീവിതത്തിന് തടയിട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതോടനുബന്ധിച്ച് പുതിയ വിവാദങ്ങളും ഉയര്‍ന്നുവരികയാണ്. യു കെ യില്‍ NHS ഹോസ്പിറ്റലുകളില്‍ ഇന്നലെവരെയുള്ള കണക്കനുസരിച്ച് പതിനേഴായിരത്തിനു മുകളില്‍ ആള്‍ക്കാര്‍ മരിക്കുകയും, അത്രയും തന്നെ പേര്‍ ചികിത്സയിലിരിക്കുകയും ചെയ്യുന്നതായാണ് ഗവണ്മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യു കെ യിലെ പ്രമുഖ മാദ്ധ്യമങ്ങളായ സ്‌കൈ ന്യൂസ്, ഗാര്‍ഡിയന്‍, ദി ടെലിഗ്രാഫ്, ഡെയ്ലി മെയില്‍ എന്നിവരുടെ വാര്‍ത്താവിശകലനങ്ങളില്‍ വ്യക്തമാകുന്നത് യു കെയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും, വെളുത്ത വംശക്കാരെക്കാള്‍ കൂടുതലായി വംശീയ ന്യൂനപക്ഷങ്ങളാണ് ഇരയായിരിക്കുന്നത് എന്നാണ്.


യു കെ യില്‍ കോവിഡ് രോഗബാധ കാരണം മരണമടഞ്ഞ ആദ്യ പത്തു ഡോക്ടര്‍മാരും ഏഷ്യന്‍-ആഫ്രിക്കന്‍ വംശജരായ വംശീയ ന്യൂനപക്ഷണങ്ങളായിരുന്നു എന്നതും, രോഗബാധയേറ്റ നേഴ്‌സുമാരും മറ്റ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ആനുപാതികമായി വെളുത്ത വംശജരെക്കാള്‍ കൂടുതലാണ് എന്നതും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെയും, പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് , NHS എന്നിവരുടെയും അന്വേഷണത്തിന് കാരണമായിരിക്കുകയാണ്. അതോടൊപ്പം തന്നെ ബ്ലാക്ക് ആന്റ് ഏഷ്യന്‍ എത്‌നിക് മെനോറിറ്റിയെ (BAME) പ്രതിനിധാനം ചെയ്യുന്ന ആക്ടിവിസ്റ്റുകള്‍ യു കെ ഹോസ്പിറ്റലുകളില്‍ ന്യൂനപക്ഷവംശജരായ സ്റ്റാഫിനെ താരതമ്യേന അപകടകരമായ ജോലികള്‍ക്ക് നിര്‍ബന്ധപൂര്‍വം അയക്കുന്നതായി ആക്ഷേപമുയര്‍ത്തിയിട്ടുമുണ്ട്. പതിനായിരക്കണക്കിന് മലയാളികള്‍ക്ക് തുല്യ അവകാശങ്ങളോടെയും, തുല്യ നീതിയോടെയും ജോലിയും, ജോലിയിലെ ഉയര്‍ച്ചാസാദ്ധ്യതകളും നല്‍കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെപ്പറ്റിയുള്ള അസമത്വ ആക്ഷേപം ഒറ്റപ്പെട്ട നിരീക്ഷണങ്ങളായിരിക്കുമെങ്കിലും യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ 'ഫൈറ്റ് എഗൈന്‍സ്റ്റ് കോവിഡ് 19 ' പ്രോജക്ടിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന 02070626688 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വരുന്ന നിരവധി കോളുകളും ജോലി സംബന്ധമായ പ്രശ്‌നങ്ങളും സംശയങ്ങളും ഉള്‍ക്കൊള്ളുന്നതാണ്.

കോവിഡ് ബാധ സ്ഥിരീകരിച്ച നേഴ്‌സിനോട് രോഗം മാറിയോ എന്ന് പരിശോധിക്കാതെ പനി മാറിയെങ്കില്‍ ജോലിക്ക് വരാന്‍ ആവശ്യപ്പെട്ടതും, ക്യാന്‍സറിന് ചികിത്സയിലുള്ള ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്ന ഭാര്യയേയും, 8 വയസ്സുള്ള കുഞ്ഞിനേയും തനിച്ചാക്കി ഹോസ്പിറ്റല്‍ അക്കൊമഡേഷനില്‍ താമസിച്ച് ജോലി ചെയ്യാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതും, കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അറിയിച്ചപ്പോള്‍ പുതുതായി വന്ന നേഴ്സുമാരോട് അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കരുത് എന്ന താക്കീതോടെ നടന്ന് ആശുപത്രിയില്‍ എത്തി ടെസ്റ്റിന് വിധേരാകാന്‍ ആവശ്യപ്പെട്ടതും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും, പരിചയക്കുറവോ, ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ, ഭീതിയോ പലതരത്തിലും ചൂഷണം ചെയ്യപ്പെടുന്നു എന്നത് വ്യക്തമാക്കുകയാണ്.

ജോലി സ്ഥലത്ത് ഇപ്രകാരം ഒരു അസമത്വം നിലനില്‍ക്കുന്നു എങ്കില്‍ അതിനെ എങ്ങിനെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലക്ക് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ഉണര്‍വ് ടെലിമെഡിസിന്‍ എന്ന വെബ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ക്ലിനിക്കല്‍, ലീഗല്‍, പ്രൊഫഷണല്‍ വോളന്റിയര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടും, നാഷണല്‍ ഹെല്‍ത്ത് സര്‍വീസും വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സീനിയര്‍ നേഴ്സുമാരുടെ പാനല്‍ വ്യക്തമാക്കി. കൂടാതെ കൊറോണ ബാധ കാരണം ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഉണ്ടെങ്കിലും, യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്രകാരമുള്ള അസമത്വം നിലവിലില്ല എന്നും, എന്നാല്‍ ചിലയിടങ്ങളില്‍ ചൂഷണം നടക്കുന്നുണ്ട് എന്നും വിലയിരുത്തി. കൂടുതലായും ഫോണ്‍ കോളുകളിലൂടെയാണ് ജോലിക്ക് ചെല്ലാന്‍ നിര്‍ബ്ബന്ധിക്കുന്നത് എന്നും, ഇമെയില്‍ പോലുള്ള രേഖാപരമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നില്ല എന്നതും ചര്‍ച്ചയായി. പുതുതായി വന്നിരിക്കുന്ന നേഴ്‌സുമാരും, ബാന്‍ഡ് 5-6 നേഴ്‌സുമാരുമാണ് കൂടുതലായും ഇപ്രകാരമുള്ള നിര്‍ബന്ധങ്ങള്‍ക്ക് ഇരയാകുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. ഇപ്രകാരം വിഷമവൃത്തത്തിലാകുന്നവരെ സഹായിക്കാനായി ക്ലിനിക്കല്‍, ലീഗല്‍, പ്രൊഫഷണല്‍ വോളണ്ടിയര്‍മാരെ കൂട്ടിച്ചേര്‍ത്ത് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഹെല്‍പ്പ്‌ലൈന്‍ കൂടുതല്‍ കാര്യക്ഷമമാക്കി.

കൊറോണ രോഗബാധ മൂലമുള്ള കടുത്ത തിരക്കും, ജോലിക്കാരുടെ ക്ഷാമവും മൂലം വിഷമവൃത്തത്തിലായിരിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ പരിരക്ഷിക്കുന്നതോടൊപ്പം നമ്മളോരോരുത്തരുടെയും സുരക്ഷയും പ്രധാനമാണ്.ആതുരസേവനരംഗത്ത് അന്താരാഷ്ട്ര പ്രസിദ്ധിയുള്ള മലയാളി സേവനമനഃസ്ഥിതി തുടരുക. എന്നാല്‍ ജോലിസംബന്ധമായ കാര്യങ്ങളില്‍ ഉള്ള സംശയങ്ങള്‍ക്ക് കാര്യക്ഷമമായ ഉപദേശങ്ങള്‍ക്കും, ആരോഗ്യപരമായ പൊതു ഉപദേശങ്ങള്‍ക്കോ അന്യസമ്പര്‍ക്കമില്ലാതെ ജീവിക്കേണ്ടിവന്നിരിക്കുന്ന അവസ്ഥയില്‍ വേണ്ടിവരുന്ന ചെറിയ സഹായങ്ങള്‍ക്കോ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഫൈറ്റ് എഗൈന്‍സ്റ്റ് കോവിഡ് 19 ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 02070626688

Other News in this category



4malayalees Recommends