'ജിഎസ്‌കെ യുകെ യംഗ് സയന്റിസ്റ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ്' നേട്ടവുമായി മലയാളി ബാലിക ദിയാ സ്വര്‍ണ്ണ വിന്‍സന്റ്.

'ജിഎസ്‌കെ യുകെ യംഗ് സയന്റിസ്റ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ്' നേട്ടവുമായി മലയാളി ബാലിക ദിയാ സ്വര്‍ണ്ണ വിന്‍സന്റ്.

ലണ്ടന്‍: സയന്‍സ്,ടെക്‌നോളജി,എഞ്ചിനീയറിംഗ്,മാത്ത്‌സ് (STEM) വിഷയങ്ങളിലെ ചെറുപ്പക്കാരുടെ ശാസ്ത്ര നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കുന്നതിനും, അവര്ക്കായി ശാസ്ത്ര പദ്ധതികള്‍ തുടരുന്നതിനായുള്ള പ്രോത്സാഹനം നല്‍കുന്നതിനുമായി വര്‍ഷം തോറും 'ജിഎസ്‌കെ ബിഗ് ബാംഗ്' രൂപകല്‍പ്പന ചെയ്തു സംഘടിപ്പിക്കുന്ന 'ജിഎസ്‌കെ യുകെ യംഗ് സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ്' നേടിക്കൊണ്ടാണ് ദിയാ സ്വര്‍ണ്ണ വിന്‍സന്റ് മലയാളികള്‍ക്ക് അഭിമാനമായി മാറുന്നത്. ട്രോഫിയും സര്‍ട്ടിഫിക്കറ്റും അതിനോടൊപ്പം STEM പദ്ധതികള്‍ തുടരുന്നതിനായി ദിയക്ക് 2,000 പൗണ്ട് സമ്മാന തുകയും ലഭിച്ചു.


യു കെ യില്‍ കെന്റിലെ സെവനോക്‌സ് സ്‌കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ദിയാ വിന്‍സന്റ് 'മൈക്രോ ഗ്രീന്‍സ് ഫ്രം ഗോള്‍ഡ് ഫിഷ്' എന്ന പ്രോജക്ടിലൂടെ 'സാലഡ് ചെടി' വേഗതയിലും ലളിതമായും വളര്‍ത്തിക്കാണിച്ചുകൊണ്ട് പുറത്തെടുത്ത തന്റെ ശാസ്ത്ര നേട്ടം അവാര്‍ഡിനായി പരിഗണിക്കപ്പെടുകയായിരുന്നു. 2020 ലെ ദി ബിഗ് ബാംഗ് യുകെ യംഗ് സയന്റിസ്റ്റ് ആന്‍ഡ് എഞ്ചിനീയേഴ്‌സ് മത്സരത്തില്‍ ജിഎസ്‌കെ യുകെ യംഗ് സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ കിരീടം നേടിക്കൊണ്ടാണ് ദിയാ വിന്‍സന്റ് യു കെ യിലെ യുവ ശാസ്ത്ര ലോകത്തു ശ്രദ്ധേയയും അഭിമാനതാരവുമാവുന്നത്,അതും തന്നെക്കാളും പ്രായവും ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന ചേട്ടന്മാരേയും ചേച്ചിമാരേയും തോല്‍പ്പിച്ചുകൊണ്ട്.

'മൈക്രോ ഗ്രീന്‍സ് ഫ്രം ഗോള്‍ഡ് ഫിഷ്' എന്ന പ്രോജക്ടിലൂടെ പുറത്തെടുത്ത തന്റെ ശാസ്ത്രമികവിന്റെ മുമ്പില്‍ ഫൈനലിസ്റ്റുകളായ 300 ഓളം മത്സരാര്‍ത്ഥികളെ മുട്ടികുത്തിച്ചാണ് ദിയ കിരീടം ചൂടുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പരീക്ഷണത്തിന്റെ ഭാഗമായി, അക്വേറിയത്തില്‍ നിന്നുള്ള മീനിന്റെ അവശിഷ്ടങ്ങളടക്കമുള്ള വളം ഉപയോഗിച്ച് മൈക്രോ ഗ്രീനുകള്‍ വളര്‍ത്തുവാന്‍ മൂന്ന് വ്യത്യസ്ത രീതികള്‍ ഉപയോഗിച്ച് താരതമ്യം ചെയ്യുന്ന പരീക്ഷണമാണ് ദിയ തന്റെ പ്രോജക്ടിലൂടെ കാണിച്ചു തരുന്നത്.

ആദ്യത്തെ രീതി ന്യൂട്രല്‍ മീഡിയയില്‍ ശുദ്ധ വെള്ളത്തില്‍ മൈക്രോഗ്രീനുകള്‍ വളര്‍ത്തുന്നു.രണ്ടാമത്തെ രീതി അക്വേറിയത്തില്‍ നിന്നുള്ള വെള്ളം (സ്വാഭാവികമായി മത്സ്യ മാലിന്യങ്ങള്‍ മൂലം വളമുള്ള) ചെടിയുടെ വേരുകളിലേക്ക് തുണിതിരിയിലൂടെ ആഗിരണം ചെയ്യുന്ന രീതിയാണ്. മൂന്നാമത്തെ രീതി വളപ്രയോഗം ചെയ്ത മത്സ്യ ജലം പ്ലാന്റ് റൂട്ടിനു ചുറ്റും സോളാര്‍ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വാട്ടര്‍ പമ്പുപയോഗിച്ച് തുടര്‍ച്ചയായി വെള്ളം പകരുന്ന രീതി. മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ചെടിയുടെ വളര്‍ച്ചക്ക് ഏറ്റവും വേഗതയേറിയതെന്ന് ദിയ പറയുന്നു. ക്രെസ് പോലുള്ള മൈക്രോ ഗ്രീനുകള്‍ 10 ദിവസത്തിനുള്ളില്‍ വിളവെടുക്കുവാനും വീടുകളിലെ സാലഡ് പാത്രത്തില്‍ എത്തിക്കുവാനും കഴിയുമത്രേ.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കപ്പെട്ടപ്പോള്‍, ദി ബിഗ് ബാംഗ് ഫെയറിലെ ജഡ്ജിങ് ടീം വീഡിയോ അവതരണം സമര്‍പ്പിക്കാന്‍ മത്സരാത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. അതില്‍ നിന്ന് 50 STEM പ്രൊഫഷണലുകള്‍ (വിവിധ മേഖലകളിലെ പ്രാവീണ്യം നേടിയവര്‍ ) ജ്യോതിശാസ്ത്രം, ആന്റിമൈക്രോബയലുകള്‍, ആരോഗ്യ നിരീക്ഷണം, അണ്ടര്‍വാട്ടര്‍ അക്കോസ്റ്റിക്‌സ്, ടോക്‌സിക്കോളജി എന്നിവ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ നിന്നും വിജയികളെ കണ്ടെത്തുകയായിരുന്നു.

വിജയിയെ അഭിനന്ദിച്ചുകൊണ്ട് ബിഗ് ബാംഗ് മത്സരം സംഘടിപ്പിക്കുന്ന എഞ്ചിനീയറിംഗ് യുകെ ചീഫ് എക്സിക്യൂട്ടീവ് ഹിലാരി ലിവേഴ്‌സ് പറഞ്ഞു:''എല്ലാ ഫൈനലിസ്റ്റുകളില്‍ നിന്നുമുള്ള എന്‍ട്രികളുടെ ഗുണനിലവാരം വിധികര്‍ത്താക്കളെ അതിശയപ്പെടുത്തുന്നവയായിരുന്നു.അവരുടെ മികച്ച പുതിയ ആശയങ്ങള്‍ക്ക് മാത്രമല്ല, അവര്‍ എത്ര വിശദമായി അവരുടെ വീഡിയോകളിലൂടെ പ്രോജക്ടിനെ പ്രതിപാദിച്ചു എന്നതും കണക്കിലെടുത്തു'

''ബിഗ് ബാംഗ് മത്സരത്തില്‍ ജിഎസ്‌കെ യുകെ യംഗ് സയന്റിസ്റ്റ് ഓഫ് ദ ഇയര്‍ ആയി അവാര്‍ഡ് ലഭിച്ച നൂതന പ്രോജക്റ്റ് വിജയി ദിയയ്ക്ക് വലിയ വലിയ അഭിനന്ദനങ്ങള്‍.''

ദിയയുടെ മൂത്ത സഹോദരന്‍ റയാന്‍ കണ്ണന്‍ വിന്‍സെന്റ് ബിഗ് ബാംഗ് മത്സരത്തില്‍ അപ്രന്റീസ്ഷിപ്പ് നേടിയിട്ടുള്ള മറ്റൊരു ശാസ്ത്രകുതുകിയാണ്. ലണ്ടനിലെ സിറ്റി ഓഫ് ലണ്ടന്‍ സ്‌കൂളിലാണ് ജിസിഎസ്ഇക്ക് റയാന്‍ പഠിക്കുന്നത്.

ലണ്ടനിലെ സീനിയര്‍ പ്രോജക്ട് മാനേജര്‍മാരായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വിന്‍സെന്റ് നവീന്‍ എം, തിരുവന്തപുരം കരമന സ്വദേശി പ്രിയ സ്വര്‍ണ്ണ എന്നിവരാണ് ദിയയുടെ മാതാപിതാക്കള്‍. വിന്‍സെന്റ് നവീന്‍ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ജ്യോതിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. പ്രിയ സ്വര്‍ണ്ണ നിലവില്‍ യുഎസ്എയിലെ ജോര്‍ജിയ ടെക് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദo തുടരുന്നു. ഇരുവരും തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയവരാണ്.കഴിഞ്ഞ 16 വര്‍ഷമായി അവര്‍ യുകെയിലെ ബെക്കന്‍ഹാമിലാണ് താമസിക്കുന്നത്

ഇത്തരം മത്സരങ്ങള്‍ പ്രോജക്റ്റ് അധിഷ്ഠിത പ്രവര്‍ത്തനങ്ങളില്‍ കഴിവുകളും ആത്മവിശ്വാസവും വളര്‍ത്തുന്നു എന്ന് ദിയ പറയുന്നു. ശാസ്ത്ര ലോകത്തു കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ താല്പര്യപ്പെടുന്ന ദിയ പഠനത്തിലും പാഠ്യേതര മേഖലകളിലും ഏറെ മികവ് പുലര്‍ത്തുന്ന മിടുക്കികൂടിയാണ്

ദിയയുടെ പ്രോജക്ടിന്റെ പ്രത്യേകത എന്തെന്ന് ചോദിച്ചപ്പോള്‍ വിവിധ ശാത്ര മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടാണ് (ഭൗതികശാസ്ത്രം, രസതന്ത്രം, ബയോളജി, കമ്പ്യൂട്ടിംഗ് എന്നിവ ) താന്‍ പ്രൊജക്റ്റ് ചെയ്തതെന്നും, ഭൗതികശാസ്ത്രത്തിനായി ഒരു ഇലക്ട്രോണിക് സര്‍ക്യൂട്ട് സൃഷ്ടിച്ച് സോളാര്‍ പാനലില്‍ ഘടിപ്പിച്ചുകൊണ്ടാണ് പമ്പ് പ്രവര്‍ത്തിപ്പിച്ചത് എന്നും ദിയ അഭിമാനപൂര്‍വ്വം പറഞ്ഞു. രസതന്ത്രത്തിനായി ഞാന്‍ മണ്ണ് പരിശോധന കിറ്റ് ഉപയോഗിച്ച് വെള്ളത്തിലെ വളം / നൈട്രജന്റെ അളവ് പരീക്ഷിച്ചു. ജീവശാസ്ത്രത്തിനായി ഞാന്‍ മൈക്രോ ഗ്രീനുകള്‍ വളര്‍ത്തി അവയുടെ വളര്‍ച്ച എല്ലാ ദിവസവും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു. എല്ലാ അളവുകളും ഡാറ്റാസും കമ്പ്യൂട്ടറില്‍ റെക്കോര്‍ഡ് ചെയ്യുകയും ഗ്രോ ചാര്‍ട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ക്യാമറക്കുമുന്നില്‍ നിന്ന് നന്നായി സംസാരിക്കുവാനും ഈ പദ്ധതി സഹായകരമായെന്നും ഈ കൊച്ചുമിടുക്കി കൂട്ടിച്ചേര്‍ത്തു.

ചെറുപ്പക്കാര്‍ക്കായി യുകെയിലെ ഏറ്റവും വലിയ സയന്‍സ് & എഞ്ചിനീയറിംഗ് ആഘോഷമാണ് ബിഗ് ബാംഗ് മേള. അടുത്ത മേള 2020 മാര്‍ച്ച് 11-14 തീയതികളില്‍ ബര്‍മിംഗ്ഹാമിലെ എന്‍ഇസിയില്‍ നടക്കും.



Other News in this category



4malayalees Recommends