കലാകാരന്മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് സൃഷ്ടിക്കാനും പറയാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കണം; അനിമല്‍ വിമര്‍ശനത്തില്‍ പ്രതികരണമറിയിച്ച് പൃഥ്വിരാജ്

കലാകാരന്മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് സൃഷ്ടിക്കാനും പറയാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കണം; അനിമല്‍ വിമര്‍ശനത്തില്‍ പ്രതികരണമറിയിച്ച് പൃഥ്വിരാജ്
രണ്‍ബിര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത 'അനിമല്‍' എന്ന ചിത്രം ഒടിടി റിലീസിന് ശേഷവും ചര്‍ച്ചകളില്‍ നിറയുകയാണ്. സ്ത്രീ വിരുദ്ധതയും, വയലന്‍സും ഗ്ലോറിഫൈ ചെയ്യുന്നതാണ് ചിത്രമെന്നാണ് പൊതുവായി ഉയര്‍ന്നുവരുന്ന വിമര്‍ശനം.

ഇപ്പോഴിതാ അനിമലിനെ കുറിച്ച് സംസാരിക്കുകയാണ്, പൃഥ്വിരാജ്. കലയില്‍ സെന്‍സറിംഗ് പാടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് താനെന്നും, ലാകാരന്മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് സൃഷ്ടിക്കാനും പറയാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും പൃഥ്വിരാജ് പറയുന്നു.

'കലയെ സെന്‍സര്‍ ചെയ്യരുതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. വ്യൂവര്‍ഷിപ്പ് നിങ്ങള്‍ക്ക് തീരുമാനിക്കാം. അതു നമ്മള്‍ ചെയ്യുന്നുമുണ്ട്. നിങ്ങള്‍ക്ക് ഒരു സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാം. നിങ്ങളുടെ സിനിമ ഒരു പ്രത്യേക പ്രായത്തിലുള്ളവര്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ എന്ന് തീരുമാനിക്കുന്ന ഒരു റെഗുലേറ്ററി ബോഡിയുണ്ട്.

നിങ്ങള്‍ക്ക് പ്ലസ് 21 റേറ്റിംഗ് കൊണ്ടുവരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അത് കൊണ്ടുവരാന്‍ മടിക്കേണ്ടതില്ല. നിങ്ങള്‍ പ്ലസ് 25 റേറ്റിംഗ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കിലും കുഴപ്പമില്ല. അത് ചെയ്യാതെ ഒരു കലാകാരനോട് പോയി അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്ന ആളല്ല.

സെന്‍സര്‍ഷിപ്പ് നടത്തേണ്ടത് പ്രദര്‍ശന മേഖലയിലാണ്. ഒരു സിനിമയ്ക്ക് 18 പ്ലസ് റേറ്റിംഗ് ലഭിച്ചാല്‍, 18 വയസ്സിന് താഴെയുള്ളവരെ തിയറ്ററില്‍ പ്രവേശിക്കുന്നത് തടയണം. അല്ലാതെ, കല സെന്‍സര്‍ ചെയ്യപ്പെടണം എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. കലാകാരന്മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് സൃഷ്ടിക്കാനും പറയാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.' ആടുജീവിതത്തിന്റെ പ്രൊമോഷനിടെയാണ് പൃഥ്വിരാജ് അനിമലിനെ കുറിച്ച് സംസാരിച്ചത്.

Other News in this category



4malayalees Recommends