പൗരത്വ ഭേതഗതി നിയമം; ഭരണകൂടത്തിന്റെ കരിനിയമത്തിനെതിരെ ബര്‍മിംഹാമിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റിനു മുന്നില്‍ സമീക്ഷ യുകെ ജനുവരി 11ന് മനുഷ്യ ചങ്ങല തീര്‍ക്കുന്നു

പൗരത്വ ഭേതഗതി നിയമം; ഭരണകൂടത്തിന്റെ കരിനിയമത്തിനെതിരെ ബര്‍മിംഹാമിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റിനു മുന്നില്‍ സമീക്ഷ യുകെ ജനുവരി 11ന് മനുഷ്യ ചങ്ങല തീര്‍ക്കുന്നു

മഹത്തായ ഇന്ത്യാമഹാരാജ്യത്തിന്റെ ജീവാത്മാവായ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ കരിനിയമത്തിനെതിരില്‍ ,മതപരമായി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പഴകിയ തന്ത്രം പുതിയ രൂപത്തിലാക്കി നമ്മെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ഫാഷിസ്റ്റ് തന്ത്രത്തിന്റെ കരിനിയമങ്ങള്‍ക്കെതിരില്‍ സമീക്ഷ യുകെ. ജനുവരി. 11ാം തീയതി. (2020) ബര്‍മിംഹാമിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റിനു മുന്നില്‍. മനുഷ്യചങ്ങല തീര്‍ക്കുന്നു


ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുക. ഇന്ത്യയിലെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ പോലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കുക .എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യത്തെയും മതനിരപേക്ഷതയേയും കാത്തുരക്ഷിക്കാനുംവേണ്ടി. സമരമുഖത്തുള്ള ഇന്ത്യയിലെ മനുഷ്യസ്‌നേഹികളായ മുഴുവന്‍ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സമീക്ഷ യുകെ മനുഷ്യചങ്ങല തീര്‍ക്കുന്നത്.

ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും ഭരണഘടന അനുവദിക്കില്ലെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ മതത്തിന്റെയും രാഷ്ട്രത്തിന്റെയും അടിസ്ഥാനത്തിലുള്ള യുക്തിരഹിതമായ ഈ വേര്‍തിരിക്കല്‍ ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനയുടെ അടിസ്ഥാന ശിലയ്ക്ക് എതിരായി ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റിന് അധികാരം ഇല്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെയാണ് ഇപ്പോള്‍ പുറപ്പെടുവിച്ച ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാവുന്നത്.

പൗരന്മാരും അല്ലാത്തവരുമായി ഇന്ത്യയില്‍ താമസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും തുല്യത ഉറപ്പുവരുത്തുന്നതാണ് ഭരണഘടനയുടെ അനുഛേദം 14. ഇത് ഭരണഘടനയുടെ അടിസ്ഥാന ശിലയാണ്. ഭരണഘടനയുടെ അനുഛേദം 13 പ്രകാരം മൗലികാവകാശങ്ങള്‍ക്കെതിരായ ഏതു നിയമവും അസാധുവാണ്.

ഇങ്ങനെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരിലുള്ള സമരങ്ങളില്‍ ഇന്ത്യയില്‍ രാഷ്ട്രീയ ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചണിചേര്‍ന്നു സമരം നയിക്കുകയാണ് രണ്ടാം സ്വാതന്ത്ര്യ സമരമെന്നാണ് പലരും ഈയൊരു സമരസാഹചര്യങ്ങളെ കുറിച്ചഭിപ്രായപ്പെടുന്നത്. ഇത് ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല .കാലക്രമേണ പ്രവാസികളേയും മറ്റു ജനവിഭാഗങ്ങളേയും ബാധിക്കുന്ന വിഷയമാണ്. അതിലുപരി ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന അതീവഗുരുതരമായ ഫാഷിസ്റ്റ് അജണ്ടകളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

ഇതിനെതിരില്‍ പ്രവാസികളായ ഇന്ത്യയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും മറ്റു അഭിപ്രായ വ്യറ്റാസങ്ങള്‍ മാറ്റി വെച്ച് ഒറ്റക്കെട്ടായി അണിനിരന്നുള്ള കൂട്ടായ്മകളും പ്രതിഷേധങ്ങളുമാണ് രൂപപ്പെടേണ്ടത് അതിന് തുടക്കം കുറിച്ചു കൊണ്ട് സമീക്ഷ UK ബര്‍മിംഹാം കൗണ്‍സിലേറ്റിനു മുമ്പില്‍ ജനുവരി 11 ന് നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ അണിചേരാന്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളോടും സമീക്ഷ യുകെ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി. സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും. പ്രസിഡന്റ് സ്വപ്ന പ്രവീണും. സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends