ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരളീധരന് ലണ്ടന്‍ ഹൈക്കമ്മീഷണനില്‍ സ്വീകരണം...

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരളീധരന് ലണ്ടന്‍ ഹൈക്കമ്മീഷണനില്‍ സ്വീകരണം...
ലണ്ടന്‍: നിലവിലെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സഹമന്ത്രിയും, ഭാരതീയ ജനതാ പാര്‍ട്ടി കേരള ഘടകത്തിന്റെ മുന്‍ പ്രസിഡന്റും, മലയാളിയും ആയ ശ്രീ വി. മുരളീധരന് ഡിസംബര്‍ 18 വ്യാഴാഴ്ച വൈകീട്ട് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ വക ഗംഭീര സ്വീകരണമൊരുക്കി.


സിഖ് മതാചാര്യനായ ശ്രീ ഗുരു നാനാക് ദേവ്ജിയുടെ 550ആം ജന്മ വാര്‍ഷിക ആഘോഷങ്ങളില്‍ സംബന്ധിക്കാനായി ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രതിനിധിയായി യുകെയില്‍ എത്തിച്ചേര്‍ന്ന കേന്ദ്രമന്ത്രിയെ ആദരിക്കാനായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശ്രീമതി. രുചി ഗനശ്യാം ആണ് നെഹ്‌റു സെന്ററില്‍ സ്വീകരണമൊരുക്കിയത്. ചടങ്ങില്‍ ശ്രീമതി രുചി ഗനശ്യാം, ലോര്‍ഡ് രമീന്ദാര്‍ സിംഗ് റേഞ്ചര്‍ എന്നിവര്‍ക്ക് പുറമെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ വംശജര്‍ പങ്കെടുക്കുകയുണ്ടായി.


ഇന്ത്യയുടെ മഹത്തായ പൈതൃകവും, നൂറ്റാണ്ടുകളെ അതിജീവിച്ച സംസ്‌കാരവും തന്റെ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടിയ കേന്ദ്ര മന്ത്രി ശ്രീ. മുരളീധരന്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മറ്റു ലോക രാജ്യങ്ങള്‍ ബഹുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നത് ശുഭോതര്‍ക്കമാണെന്നു സൂചിപ്പിച്ചു. നമ്മുടെ അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ മുന്നണികള്‍ എന്നും ഇന്ത്യക്കു സുശക്തമായ സര്‍ക്കാരുകളെയാണ് നല്‍കിയിട്ടുള്ളത്. ബ്രിട്ടനിലും ഇന്ത്യയിലും പിന്തുടരുന്ന ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് എടുത്തുകാണിക്കുന്നതെന്നു ശ്രീ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.


ക്ഷണം ലഭിച്ചതനുസരിച്ച് സ്വീകരണ ചടങ്ങില്‍ സംബന്ധിച്ച യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മയുടെ ലണ്ടന്‍ ഓര്‍ഗനൈസര്‍ എബ്രഹാം ജോസ് പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റര്‍ സുരേന്ദ്രന്‍ ആരക്കോട്ട് എന്നിവര്‍ കേന്ദ്ര മന്ത്രി ശ്രീ. വി. മുരളീധരനുമായി നേരിട്ട് സംസാരിക്കുകയും യുകെയിലെ മലയാളികളെയാകെ ഒറ്റക്കുടക്കീഴില്‍ അണിനിരത്തുന്ന യുക്മ എന്ന സംഘടന നടത്തുന്ന സാമൂഹിക – സാംസ്‌കാരിക പരിപാടികളെക്കുറിച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, സംഘടനയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ എല്ലാ സഹായവും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണെന്നു ഉറപ്പു നല്‍കി.





Other News in this category



4malayalees Recommends