റഷ്യന്‍ ബാങ്കുകള്‍ക്ക് ട്രേഡിങ് വിലക്കേര്‍പ്പെടുത്തി യുകെ ; പുടിന്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ക്ക് വിലക്ക് ; യുക്രെയ്‌ന്റെ രക്തക്കറ പുടിന് മേല്‍ എന്നും കരിനിഴല്‍ വീഴ്ത്തും ; സാമ്പത്തിക വാണിജ്യ മേഖലകളില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ബോറിസ്‌

റഷ്യന്‍ ബാങ്കുകള്‍ക്ക് ട്രേഡിങ് വിലക്കേര്‍പ്പെടുത്തി യുകെ ; പുടിന്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ക്ക് വിലക്ക് ; യുക്രെയ്‌ന്റെ രക്തക്കറ പുടിന് മേല്‍ എന്നും കരിനിഴല്‍ വീഴ്ത്തും ; സാമ്പത്തിക വാണിജ്യ മേഖലകളില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ബോറിസ്‌
യുക്രെയ്‌ന് നേര്‍ക്കുള്ള സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടന്‍. നീതീകരിക്കാനാകാത്ത യുദ്ധമാണ് യുക്രെയ്‌നില്‍ നടക്കുന്നത്. റഷ്യയുടെ അധിനിവേശത്തിനെതിരെ ശക്തമായ ഉപരോധങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നത്. റഷ്യയെ അനുകൂലിച്ച് ചൈന മാത്രമാണ് രംഗത്തുവന്നത്. എന്നാല്‍ തങ്ങള്‍ ഒറ്റപ്പെടുകയാണെന്നും യുഎസും സഹായിച്ചില്ലെന്നുമാണ് യുക്രെയ്ന്‍ പ്രതികരിക്കുന്നത്.

നീതീകരിക്കാനാകാത്ത യുദ്ധത്തില്‍ യുക്രെയ്‌നൊപ്പം നിലകൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സ്വേച്ഛാധിപതിയാണെന്ന് തുറന്നടിച്ച അദ്ദേഹം യുക്രെയ്‌നില്‍ റഷ്യ നടത്തുന്നത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും വ്യക്തമാക്കി.

റഷ്യ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പാണ് യുഎസും ബ്രിട്ടനുമുള്‍പ്പെടെ രാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. സാമ്പത്തികമായി തിരിച്ചടി നല്‍കി റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി യുദ്ധത്തില്‍ നിന്ന് പിന്മാറ്റാനാണ് ലോക രാജ്യങ്ങളുടെ ശ്രമം. റഷ്യന്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ് ഉപരോധം, ബിസിനസ്സുകളേയും പ്രതിസന്ധിയിലാക്കും പുതിയ നടപടികള്‍.


കൈയ്യിലുള്ള രക്തക്കറ പുടിനെ തകര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ച ശേഷം തുറന്നടിച്ചു. പത്തു വ്യത്യസ്തമായ പ്രത്യാഘാതങ്ങളെ കുറിച്ച് ബോറിസ് പുടിന് മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ ജിഡിപിയില്‍ നിന്നും പോയന്റുകള്‍ നഷ്ടമാകുന്നതാണ് നീക്കം.

യുക്രെയ്‌ന്റെ രക്തം കൈയില്‍ നിന്ന് കഴുകാന്‍ പുടിനാകില്ലെന്ന് ബോറിസ് വ്യക്തമാക്കി. പ്രധാന റഷ്യന്‍ ബാങ്കുകളുടെ ആസ്തികള്‍ ബ്രിട്ടന്‍ മരവിപ്പിച്ചു. ലണ്ടന്‍ വിപണിയില്‍ നിന്നും റഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് പണം കണ്ടെത്താനും അനുവദിക്കാത്ത രീതിയില്‍ നിയമ നിര്‍മ്മാണം തടയും. വരുത്തിവച്ച യുദ്ധത്തിന് റഷ്യ ദൂരവ്യാപകമായ വില നല്‍കേണ്ടിവരുമെന്ന് ചുരുക്കം.

പുടിന് പിന്തുണ നല്‍കുന്ന പ്രധാന സ്ഥാനങ്ങളിലുള്ളവര്‍ക്കും രാജ്യത്ത് പ്രവേശിക്കാനാകില്ല. റഷ്യയെ സ്വിഫ്റ്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ മെസേജിങ് സിസ്റ്റത്തില്‍ നിന്നു പുറത്താക്കാനും ആലോചിക്കുന്നുണ്ട്. ഇതിനായി മറ്റ് രാജ്യങ്ങളുടെ പങ്കുവേണം. റഷ്യയ്‌ക്കൊപ്പം അധിനിവേശത്തിന് പിന്തുണ നല്‍കുന്ന ബെലാറസിനും ഉപരോധം കൊണ്ടുവരും. സാമ്പത്തികമായും വാണിജ്യപരമായും റഷ്യയ്ക്ക് യുദ്ധ തീരുമാനം വലിയ വില നല്‍കേണ്ടിവരുമെന്ന് ബോറിസ് മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends