കൊടുമുടി കയറി എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയില്‍ സമ്മര്‍ദം; കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ സിക്ക് ഓഫെടുത്തു; ജീവനക്കാരുടെ ഗുരുതര ക്ഷാമം നഴ്‌സിംഗ് ജീവനക്കാരെ സമ്മര്‍ദത്തിലാക്കുന്നു

കൊടുമുടി കയറി എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയില്‍ സമ്മര്‍ദം; കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ സിക്ക് ഓഫെടുത്തു; ജീവനക്കാരുടെ ഗുരുതര ക്ഷാമം നഴ്‌സിംഗ് ജീവനക്കാരെ സമ്മര്‍ദത്തിലാക്കുന്നു
ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും സമ്മര്‍ദം, ആകാംക്ഷ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓഫ് സിക്ക് എടുത്തതായി എന്‍എച്ച്എസ് കണക്കുകള്‍. നഴ്‌സുമാര്‍ ജോലിയുടെ ഭാഗമായി കനത്ത സമ്മര്‍ദത്തിന് ഇരകളാകുന്നതിന്റെ പുതിയ ഉദാഹരണമാണ് ഇതോടെ പുറത്തുവരുന്നത്.

കുറഞ്ഞ ശമ്പളം, ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥ എന്നിവയെല്ലാം ചേര്‍ന്ന് നഴ്‌സുമാരുടെ മാനസിക ആരോഗ്യം നശിപ്പിക്കുകയും, പലരെയും രാജിവെച്ച് രക്ഷപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുകയാണ്. 2023-ല്‍ നഴ്‌സുമാരും, ഹെല്‍ത്ത് വിസിറ്റേഴ്‌സും ആകെ 1,675,275 ദിവസത്തെ ഓഫ് സിക്ക് എടുത്തെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്ക്.

ഇതിന് കാരണമായത് സമ്മര്‍ദവും, സമാനമായ അവസ്ഥകളുമാണെന്നും കണക്കുകള്‍ വ്യക്തമാക്കി. അതായത് ഇംഗ്ലണ്ടിലെ ഈ പ്രൊഫഷണിലുള്ള 325,125 അംഗങ്ങള്‍ ശരാശരി 4.95 ദിവസം ജോലിക്ക് എത്താതെ പോയിട്ടുണ്ട്. മേല്‍പ്പറഞ്ഞ കാരണങ്ങളാണ് ഇതിന് ഇടയാക്കിയതെന്നും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പഠനം സ്ഥിരീകരിക്കുന്നു.

അപകടകരമായ സമ്മര്‍ദ നിലവാരം എന്‍എച്ച്എസില്‍ സാധാരണ കാര്യമായി മാറിയിരിക്കുന്നു. എന്നാല്‍ ഇത് സഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം നഴ്‌സുമാരെ കനത്ത സമ്മര്‍ദത്തിലേക്ക് നയിക്കുന്നു. ജീവനക്കാരുടെ മാനസിക ആരോഗ്യം മോശമാകുന്നത് സാധാരണമെന്ന ഗവണ്‍മെന്റ്, എന്‍എച്ച്എസ് നേതാക്കളുടെ നിലപാട് അവസാനിപ്പിക്കണം, ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു.

Other News in this category



4malayalees Recommends