കോവിഡ് പ്രതിസന്ധി ഒരു കാരണം ; ഒന്നേകാല്‍ ലക്ഷം പേരന്റ് വിസ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കെട്ടി കിടക്കുന്നു ; വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം ; മാതാപിതാക്കളെ എത്തിക്കാന്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പ്

കോവിഡ് പ്രതിസന്ധി ഒരു കാരണം ; ഒന്നേകാല്‍ ലക്ഷം പേരന്റ് വിസ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കെട്ടി കിടക്കുന്നു ; വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം ; മാതാപിതാക്കളെ എത്തിക്കാന്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പ്
വിദേശത്തുള്ള അച്ഛനമ്മമാരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാനായി സമര്‍പ്പിച്ച ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകള്‍ ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുകയാണെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കി. 47,000 ഡോളര്‍ ഫീസുള്ള വിസ അപേക്ഷകള്‍ പോലും ഏറെ വര്‍ഷങ്ങളാണ് കെട്ടിക്കിടക്കുന്നത്.

അച്ഛനമ്മമാരെ കൊണ്ടുവരാനായി വ്യത്യസ്ത പേരന്റ് വിസകളാണ് ഓസ്‌ട്രേലിയയിലുള്ളത്. 6,500 ഡോളറോളം ഫീസ് നിരക്കുള്ള നോണ്‍ കോണ്‍ട്രിബ്യൂട്ടറി പേരന്ററ് വിസയും, 47,000 ഡോളര്‍ വരെ ഫീസ് വരുന്ന കോണ്‍ട്രിബ്യൂട്ടറി പേരന്റ് വിസയും ഉള്‍പ്പെടെയാണ് ഇത്. എന്നാല്‍ ഈ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് അനന്തമായി നീണ്ടുപോകുകയാണ് എന്ന് ആഭ്യന്തര വകുപ്പിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2022 ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് 1,23,370 പേരന്റ് വിസ അപേക്ഷകളാണ് നടപടിക്രമങ്ങളൊന്നും തുടങ്ങാതെ ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ളത്.

ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത് പുതിയതായി കോണ്‍ട്രിബ്യൂട്ടറി പേരന്റ് വിസയ്ക്ക് അപേക്ഷ നല്‍കിയാല്‍ അത് പരിഗണിക്കാന്‍ 65 മാസമെങ്കിലും എടുക്കും എന്നാണ്.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തിയവര്‍ക്ക് പ്രായമേറിയ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവരുന്നത് ഹൃദയഭേദകമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മെല്‍ബണിലെ മരിയാന ജിയോര്‍ഡാന എന്ന സ്ത്രീ ഓണ്‍ലൈന്‍ ക്യാംപയിന് തുടക്കമിട്ടിരിക്കുന്നത്.അഞ്ചര വര്‍ഷം കാലതാമസമുണ്ടാകും എന്ന് സര്‍ക്കാര്‍ പറയുന്ന കോണ്‍ട്രിബ്യൂട്ടറി പേരന്റ് വിസയ്ക്ക്, യഥാര്‍ത്ഥത്തില്‍ 16 വര്‍ഷം വരെ സമയമെടുക്കാം എന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്.

ഇത്രയും കാലം കഴിയുമ്പോള്‍ പല മാതാപിതാക്കളും ജീവനോടെയുണ്ടാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കൊവിഡ് പ്രതിസന്ധിയാണ് സ്ഥിതി ഇത്രയും വഷളാകാന്‍ കാരണമന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു.

ബയോമെട്രിക് സാംപിളുകള്‍ ശേഖരിക്കുന്നതിലും, ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയിലുമെല്ലാം, മെഡിക്കല്‍ പരിശോധനയിലുമെല്ലാം തടസ്സങ്ങളുണ്ടായത് പല വിസ അപേക്ഷകളെയും ബാധിച്ചു എന്ന് വകുപ്പ് ചൂണ്ടിക്കാട്ടി.

എന്നാല്‍, കൊവിഡ് കാലത്തിന് മുമ്പു തന്നെ ഈ കാലതാമസം ഉണ്ട് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.


Other News in this category



4malayalees Recommends