ലോകപ്രശസ്ത ഗായിക ഷാക്കീറയും, പങ്കാളിയും ഫുട്‌ബോളറുമായ ജെറാര്‍ഡ് പിക്വെയും വേര്‍പിരിഞ്ഞു. 45-കാരിയായ കൊളംബിയന്‍ ഗായികയാണ് താന്‍ ഫുട്‌ബോളര്‍ക്കൊപ്പമുള്ള വാസം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. 11 വര്‍ഷക്കാലം നീണ്ട ബന്ധത്തിനിടെ ഇരുവര്‍ക്കും രണ്ട് കുട്ടികളും പിറന്നു.
35-കാരനായ പിക്വെ പോപ്പ് താരത്തെ വഞ്ചിച്ചതാണ് ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് സ്പാനിഷ് ടാബ്ലോയ്ഡുകളുടെ റിപ്പോര്‍ട്ട്. 'വ്യസനത്തോടെയാണ് രണ്ട് വഴിക്ക് നീങ്ങുകയാണെന്ന് സ്ഥിരീകരിക്കുന്നത്. കുട്ടികളുടെ നന്മയ്ക്കും, ഇതിന് മുന്‍ഗണന നല്‍കുന്നതിനാലും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു', ഷക്കീറയുടെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
പോപ്പ് താരം പിക്വെയെ കുടുംബവീട്ടില്‍ നിന്നും അടിച്ചിറക്കിയെന്നും, ഏതാനും ആഴ്ചകളായി ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷം ബാച്ചിലര്‍ പാഡില്‍ എത്തി പാര്‍ട്ടി ജീവിതരീതിയും, സഹതാരങ്ങള്‍ക്കൊപ്പം രാത്രി പാര്‍ട്ടികളിലും താരം സജീവമാണെന്നും ശ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷക്കീറയാണ് വേര്‍പിരിയാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് വ്യക്തമാകുന്നത്. ഇരുഭാഗത്തെയും പ്രതിനിധികള്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ തയ്യാറായിട്ടില്ല. പിക്വെ ഷക്കീറയെ വഞ്ചിച്ചതിന്റെ പേരിലാണ് വേര്‍പിരിയലെന്ന് റിപ്പോര്‍ട്ട് വന്നിട്ടും ഫുട്‌ബോള്‍ താരത്തിന്റെ ഭാഗത്ത് നിന്നും ന്യായീകരണങ്ങളും ഉണ്ടായിട്ടില്ല.