തോറ്റിട്ടും വിജയിച്ച് ഇറാന്‍ ടീം; സ്വന്തം ദേശീയ ഗാനത്തിന് 'കൂക്കിവിളിച്ച്' ഇറാന്‍ ആരാധകര്‍; ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് നാട്ടിലെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച താരങ്ങള്‍ പാടാന്‍ വിസമ്മതിച്ചു; പ്രതിഷേധം മൈതാനത്ത്

തോറ്റിട്ടും വിജയിച്ച് ഇറാന്‍ ടീം; സ്വന്തം ദേശീയ ഗാനത്തിന് 'കൂക്കിവിളിച്ച്' ഇറാന്‍ ആരാധകര്‍; ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് നാട്ടിലെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച താരങ്ങള്‍ പാടാന്‍ വിസമ്മതിച്ചു; പ്രതിഷേധം മൈതാനത്ത്

ഇംഗ്ലണ്ടിന് എതിരായ ആദ്യ ലോകകപ്പ് മത്സരത്തില്‍ 6-2ന്റെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ഇറാന്‍ ഫുട്‌ബോള്‍ ടീമിന് തലകുനിക്കാതെ മടങ്ങാം. മത്സരത്തില്‍ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ടിനായി ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ വീഴ്ത്തിയ താരങ്ങള്‍ രണ്ടാം പകുതിയില്‍ വീണ്ടും മൂന്ന് ഗോളുകള്‍ നിറച്ച് സ്‌കോര്‍ബോര്‍ഡില്‍ ആറ് ഗോളുകളുടെ കണക്കൊപ്പിക്കാന്‍ കഴിഞ്ഞു.


ഏകപക്ഷീയ വിജയം അനുവദിക്കാതെ രണ്ട് ഗോളുകളാണ് ഇറാന്‍ തിരിച്ചടിച്ചത്. എന്നാല്‍ ഈ തോല്‍വിയിലും ഇറാന്‍ ടീം തങ്ങളുടെ അഭിമാനവും, അന്തസ്സും ഉയര്‍ത്തിപ്പിടിച്ചുവെന്നതാണ് വാസ്തവം. നാട്ടില്‍ മുസ്ലീം മതഭരണാധികാരികള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചൂടും, ചൂരുമാണ് ഇറാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ മറ്റൊരു മുസ്ലീം രാജ്യമായ ഖത്തറിന്റെ മണ്ണില്‍ പ്രകടമാക്കിയത്.

ഇംഗ്ലണ്ടിന് എതിരായ മത്സരം തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ ഇത് ഏറ്റുപാടാന്‍ ഇറാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ വിസമ്മതിച്ചു. സ്‌റ്റേഡിയത്തിലുണ്ടായ ഇറാന്‍ ആരാധകര്‍ ദേശീയ ഗാനത്തെ കൂകിയാണ് വരേവറ്റത്. നാട്ടില്‍ തലമറക്കാത്തതിന്റെ പേരില്‍ സദാചാര പോലീസ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോഴാണ് ഇറാന്‍ ഫുട്‌ബോള്‍ ടീമിന്റെ ഈ ഐക്യദാര്‍ഢ്യം.

പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന ബാനറുകള്‍ ഏന്തിയാണ് ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തിയത്. ഭരണകൂടത്തിന് എതിരെ ഇത്ര പരസ്യമായി പ്രതിഷേധം അറിയിച്ച ഫുട്‌ബോള്‍ ടീമിനും, ആരാധകര്‍ക്കും കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് ഹെന്‍ട്രി ജാക്‌സണ്‍ സൊസൈറ്റിയിലെ ഇറാന്‍ സ്‌പെഷ്യലിസ്റ്റ് കാതറീന്‍ പെറെസ് ഷാക്ഡാം മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ താരങ്ങള്‍ പ്രകടിപ്പിച്ച ഈ ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും ഷാക്ഡാം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ധൈര്യത്തിന് തിരിച്ചെത്തുമ്പോള്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്.
Other News in this category



4malayalees Recommends