ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് സാധ്യത; വിമാനത്താവളങ്ങളില്‍ ലൂക്ക് ഔട്ട് നോട്ടീസ്

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് സാധ്യത; വിമാനത്താവളങ്ങളില്‍ ലൂക്ക് ഔട്ട് നോട്ടീസ്
പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കൂടി തള്ളിയതോടെ അറസ്റ്റിന് വഴിയൊരുക്കുകയാണ്. ഷാജന്‍ സ്‌കറിയ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്.

രണ്ടാഴ്ചയായി ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഷാജന്റെ ഫോണും സ്വിച്ച് ഓഫാണ്. ഇയ്യാള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഷാജന്‍ സ്‌കറിയ്‌ക്കെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമം നിലനില്‍ക്കില്ലെന്ന അഭിഭാഷകന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. എസ് സി എസ് ടി പീഡന നിരോധന നിയമം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്.

നേരത്തെയുള്ള ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ ഷാജന്റേത് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിന്നാലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ ഷാജന്റെ അറസ്റ്റിനുള്ള നീക്കങ്ങളും പൊലീസ് ശക്തമാക്കി.

Other News in this category



4malayalees Recommends