കൈരളി യുകെ സംഗീത നൃത്ത സന്ധ്യ സതാംപ്ടണില്‍

കൈരളി യുകെ  സംഗീത നൃത്ത സന്ധ്യ സതാംപ്ടണില്‍
കൈരളി യുകെ സതാംപ്ടണ്‍ ആന്‍ഡ് പോര്‍ട്ട്‌സ്മൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന സംഗീത നൃത്ത സന്ധ്യ ഫെബ്രുവരി 24 ശനിയാഴ്ച സതാംപ്ടണില്‍ നടത്തപ്പെടും. ആഘോഷങ്ങള്‍ക്കൊപ്പം സമൂഹ നന്മയ്ക്കായ് ഏഷ്യന്‍ വംശജരായ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയെ സഹായിക്കുന്നതിനുള്ള സ്റ്റെം സെല്‍ ഡോണര്‍ രജിസ്‌ട്രേഷന്‍ നടത്തപ്പെടും.

കഴിഞ്ഞ വര്‍ഷം നൂറോളം കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ സര്‍ഗ്ഗസന്ധ്യയ്ക്ക് സൗതാംപ്ടണിലെ സഹൃദയര്‍ നല്‍കിയ സ്‌നേഹാദരങ്ങളില്‍ നിന്നും ആവേശമുള്‍കൊണ്ട് ഈ വര്‍ഷം വിപുലമായൊരു കലാമാമാങ്കമാണു ഒരുക്കിയിരിക്കുന്നതെന്ന് കൈരളി യുകെ സതാംപ്ടണ്‍ ആന്‍ഡ് പോര്‍ട്ട്‌സ്മൗത്ത് യൂണിറ്റിന്റെ സെക്രട്ടറി ജോസഫ് റ്റി ജോസഫ് അറിയിച്ചു.

പൊതുസമൂഹത്തിലെ എല്ലാവര്‍ക്കും ഒരു പോലെ പങ്കാളിത്തം ഉറപ്പ് വരുത്തുവാന്‍ ഈ വര്‍ഷവും പ്രവേശനം സൗജന്യമാക്കിയിരിക്കുന്നു. അതോടൊപ്പം ചായയും പലഹാരവും സൗജന്യമായും, നാടന്‍ ഭക്ഷണം മിതമായ വിലയില്‍ കൗണ്ടറിലും ലഭിക്കുന്നതാണ്.

ആഘോഷങ്ങളുടെ ഉദ്ഘാടനം കൈരളി യുകെ ദേശീയ സെക്രട്ടറി കുര്യന്‍ ജേക്കബ് നടത്തുന്നതും, പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കുന്നതുമായിരിക്കും. കലാസ്വാദകര്‍ക്ക് സ്വയം മറന്ന് ആഘോഷിക്കാനും ആസ്വദിക്കാനുമായി ഒരുക്കുന്ന ഈ സുവര്‍ണ്ണസന്ധ്യയെ അവിസ്മരണീയമാക്കാന്‍ നിരവധി കലാകാരന്മാര്‍ അതിഗംഭീരങ്ങളായ കലാവിഭവങ്ങളുമായി തയ്യാറായി കഴിഞ്ഞു. മലയാളികളുടെ ഹൃദയതുടിപ്പ് ഏറ്റുന്ന ഗാനങ്ങളും ഗൃഹാതുരത നിറഞ്ഞ നൃത്തനൃത്യങ്ങളും നേരിട്ട് ആസ്വദിക്കാനായി ഏവരെയും കൈരളി യുകെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

Other News in this category



4malayalees Recommends