തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് തിരിച്ച് ഓടിയാല്‍, ഞങ്ങള്‍ അവിടെ പോയി അവരെ കൊല്ലുമെന്ന പ്രസ്താവന ; രാജ്‌നാഥ്‌സിങ്ങിന്റെ വാക്കുകള്‍ പ്രകോപനപരമെന്ന് പാകിസ്ഥാന്‍

തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് തിരിച്ച് ഓടിയാല്‍, ഞങ്ങള്‍ അവിടെ പോയി അവരെ കൊല്ലുമെന്ന പ്രസ്താവന ; രാജ്‌നാഥ്‌സിങ്ങിന്റെ വാക്കുകള്‍ പ്രകോപനപരമെന്ന് പാകിസ്ഥാന്‍
ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ പാകിസ്ഥാന്‍. മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതായി പാക് മാധ്യമമായ 'ദ ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു. 'ഏതെങ്കിലും തീവ്രവാദി രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍, ഞങ്ങള്‍ തക്കമറുപടി നല്‍കും. അവര്‍ പാകിസ്ഥാനിലേക്ക് തിരിച്ച് ഓടിയാല്‍, ഞങ്ങള്‍ അവിടെ പോയി അവരെ കൊല്ലും' എന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.2019ന് ശേഷം ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പാകിസ്താനില്‍ കടന്ന് ഭീകരന്മാരെ വധിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ദ ഗാര്‍ഡിയന്‍' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ ആസ്പദമാക്കിയുള്ള ചോദ്യത്തിനായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ മറുപടി. ഭീകരര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

പാകിസ്ഥാനിലെ സാധാരണക്കാരെ ഇന്ത്യ സ്വന്തം താല്‍പര്യപ്രകാരം ഭീകരവാദികളെന്ന് പ്രഖ്യാപിക്കുകയും അവരെ കൊലപ്പെടുത്തുമെന്ന് പറയുകയും ചെയ്യുന്നത് കുറ്റകരമായ കാര്യമാണെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചു. ഇന്ത്യയുടെ ഇത്തരത്തിലുള്ള നിന്ദ്യവും നിയമവിരുദ്ധവുമായ നടപടികളെ അന്താരാഷ്ട്ര സമൂഹം ചോദ്യം ചെയ്യണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.

അതേസമയം പാക്കിസ്ഥാനില്‍ ഇന്ത്യ ഒന്നിലധികം കൊലപാതകങ്ങള്‍ നടത്തിയതായുള്ള ദി ഗാര്‍ഡിയന്റെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. മറ്റ് രാജ്യങ്ങളില്‍ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends