ഒമിക്രോണ്‍ തരംഗം രൂക്ഷം; സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും സര്‍ക്കാര്‍ സേവനങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ ഓസ്‌ട്രേലിയ; ദേശീയ ശേഖരത്തില്‍ നിന്നും സ്‌റ്റേറ്റുകള്‍ക്കും, ടെറിട്ടറികള്‍ക്കും മരുന്ന്

ഒമിക്രോണ്‍ തരംഗം രൂക്ഷം; സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും സര്‍ക്കാര്‍ സേവനങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ ഓസ്‌ട്രേലിയ; ദേശീയ ശേഖരത്തില്‍ നിന്നും സ്‌റ്റേറ്റുകള്‍ക്കും, ടെറിട്ടറികള്‍ക്കും മരുന്ന്

ഒമിക്രോണ്‍ കേസുകള്‍ മൂലം ആശുപത്രികള്‍ സമ്മര്‍ദത്തിലായതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും പൊതുസേവനത്തിനായി ഇറക്കുന്നു. 2020 ഏപ്രിലില്‍ സ്വകാര്യ മേഖലയുമായി ഫെഡറല്‍ ഗവണ്‍മെന്റ് ഒപ്പുവെച്ച കരാര്‍ അനുസരിച്ചാണ് ഇത്.


മഹാമാരിക്കിടെയുള്ള ഏറ്റവും ദുരിതം നിറഞ്ഞ ദിനമാണ് ഓസ്‌ട്രേലിയ ചൊവ്വാഴ്ച നേരിട്ടത്. ഇതോടെ കോവിഡ് ബാധിത മേഖലകളില്‍ 57,000 നഴ്‌സുമാരെയും, 1 ലക്ഷത്തിലേറെ ജീവനക്കാരെയും ജോലിക്കാരുടെ പ്രതിസന്ധി പരിഹരിക്കാനായി എത്തിക്കുമെന്ന് ഹെല്‍ത്ത് മന്ത്രി ഗ്രെഗ് ഹണ്ട് പ്രഖ്യാപിച്ചു.

'യോഗ്യതയും, പ്രവര്‍ത്തിപരിചയവുമുള്ള ജോലിക്കാരെയാണ് നിയോഗിക്കുന്നത്. ഇവര്‍ക്ക് ക്ലിനിക്കല്‍ ട്രെയിനിംഗും, വൈദഗ്ധ്യവുമുണ്ട്. ആശുപത്രി അന്തരീക്ഷത്തിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ ശേഷിയുള്ളവരാണ് ഇവര്‍. അറിവും, കഴിവുമുള്ള സ്വകാര്യ ആശുപത്രി മേഖലയില്‍ നിന്നുള്ള നഴ്‌സുമാരും, ഡോക്ടര്‍മാരും, കെയര്‍ ജീവനക്കാരുമാണിത്', മന്ത്രി വ്യക്തമാക്കി.

നാഷണല്‍ മെഡിക്കല്‍ ശേഖരത്തില്‍ നിന്നും സ്റ്റേറ്റുകള്‍ക്കും, ടെറിട്ടറികള്‍ക്കും മരുന്നുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഏതെങ്കിലും ഘട്ടത്തില്‍ പിപിഇ പോലുള്ളവയില്‍ ക്ഷാമം നേരിടുന്നത് ഒഴിവാക്കാനാണിത്. രണ്ട് വര്‍ഷത്തോളമായി ഈ അവസ്ഥ നേരിടാനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്ന് ഹണ്ട് വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചയിലാണ് രാജ്യത്തെ ആശുപത്രികള്‍ കടുത്ത സമ്മര്‍ദത്തില്‍ എത്തിച്ചേര്‍ന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ പോള്‍ കെല്ലി പറഞ്ഞു. ഈ വീക്കെന്‍ഡില്‍ രാജ്യം പീക്കിന് അടുത്തേക്ക് എത്തുമെന്നും കെല്ലി ഉറപ്പിച്ച് പറയുന്നു.
Other News in this category



4malayalees Recommends