കത്തും, പാഴ്‌സലും നല്‍കുന്നത് 'നിര്‍ത്തി' റോയല്‍ മെയിലിന്റെ ക്രിസ്മസ് സമ്മാനം! സമരത്തിന്റെ 17-ാം ദിനത്തില്‍ നടപടി ശക്തമാക്കി സിഡബ്യു അംഗങ്ങള്‍; ക്രിസ്മസിനായി അവസാന നിമിഷം അയച്ച സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് എത്താന്‍ വൈകും?

കത്തും, പാഴ്‌സലും നല്‍കുന്നത് 'നിര്‍ത്തി' റോയല്‍ മെയിലിന്റെ ക്രിസ്മസ് സമ്മാനം! സമരത്തിന്റെ 17-ാം ദിനത്തില്‍ നടപടി ശക്തമാക്കി സിഡബ്യു അംഗങ്ങള്‍; ക്രിസ്മസിനായി അവസാന നിമിഷം അയച്ച സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് എത്താന്‍ വൈകും?

വീണ്ടുമൊരു ക്രിസ്മസ് കാല പണിമുടക്ക് നടത്തി റോയല്‍ മെയില്‍. കത്തുകളും, പാഴ്‌സലുകളും നല്‍കുന്നത് നിര്‍ത്തിവെച്ച് കൊണ്ടാണ് സമരം 17-ാം ദിവസത്തിലേക്ക് കടന്നത്. സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയായിരുന്നു സേവനം.


കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയനിലെ 115,000 അംഗങ്ങളാണ് പണിമുടക്കിന് ഇറങ്ങിയത്. ഇതിനകം തന്നെ പോസ്റ്റല്‍ സമരം 100 മില്ല്യണ്‍ പൗണ്ടിന്റെ നഷ്ടം സൃഷ്ടിച്ചിട്ടുണ്ട്. പണിമുടക്ക് ഇന്നും തുടരുന്നതിനാല്‍ അവസാന നിമിഷം അയച്ച കത്തുകളും, സമ്മാനങ്ങളും പ്രിയപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചേരില്ല.

അടിയന്തര പദ്ധതികള്‍ തയ്യാറാക്കി വെച്ചിരുന്നെങ്കിലും ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍ സമ്പൂര്‍ണ്ണമായി സമരത്തില്‍ പങ്കെടുത്തതോടെ ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമെത്താന്‍ കഴിഞ്ഞില്ലെന്ന് റോയല്‍ മെയില്‍ വ്യക്തമാക്കി.

ചെലവേറിയ സ്‌പെഷ്യല്‍ ഡെലിവെറി, ട്രാക്ക്ഡ് 24 സര്‍വ്വീസുകളും, കോവിഡ് ടെസ്റ്റ്, പ്രിസ്‌ക്രിപ്ഷന്‍ മെഡിസിന്‍ എന്നിവയ്ക്കാണ് പോസ്റ്റ്‌മെന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

ക്രിസ്മസ് ബാങ്ക് ഹോളിഡേയ്ക്ക് ശേഷമുള്ള അടുത്ത പ്രവൃത്തിദിനം വരെ കത്തും, പാഴ്‌സലും സാധാരണ നിലയില്‍ നല്‍കുന്ന പ്രവര്‍ത്തനം പുനരാരംഭിക്കില്ലെന്നാണ് മുന്നറിയിപ്പ്. മിക്ക പോസ്റ്റ് ഓഫീസുകളും പതിവ് പോലെ തുറന്നിട്ടുണ്ടെങ്കിലും ഏതാനും സ്ഥലങ്ങളില്‍ സിഡബ്യു സമരം മൂലം പ്രവര്‍ത്തനത്തെ ബാധിക്കും.
Other News in this category



4malayalees Recommends