ഗാന്ധി ആശ്രമത്തില്‍ ചര്‍ക്ക കറക്കി യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ഗാന്ധി ആശ്രമത്തില്‍ ചര്‍ക്ക കറക്കി യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഊഷ്മള വരവേല്‍പ്പ്. ഗുജറാത്തിലെ സബര്‍മതിയിലെ മഹാത്മാഗാന്ധിയുടെ ആശ്രമത്തിലെത്തിയ ബോറിസ് ഗാന്ധി പ്രചാരം നല്‍കിയ ചര്‍ക്കയില്‍ ഒരു കൈ പരീക്ഷണം നടത്തി. 'ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്. ലോകത്തെ മികച്ചതാക്കാന്‍ അദ്ദേഹം എങ്ങനെ സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങള്‍ സമാഹരിച്ചുവെന്ന് മനസിലാക്കാന്‍ സാധിച്ചു', ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം എഴുതി.

അതേസമയം, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഗുജറാത്ത് പോലീസ് മേധാവി ആശിഷ് ഭാട്ടിയ, ചീഫ് സെക്രട്ടറി, അഹമ്മദാബാദ് മേയര്‍, ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടല്‍ വരെ റോഡിന് ഇരുവശവും ഇന്ത്യന്‍ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും.

ഗാന്ധിനഗറിലെ നിര്‍മ്മാണത്തിലിരിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി യൂണിവേഴ്‌സിറ്റി യുകെയിലെ എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് വരുന്നതിനാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അതിന്റെ കാമ്പസ് സന്ദര്‍ശിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിന്നാലെ, അക്ഷര്‍ധാം ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിക്കും. വെള്ളിയാഴ്ച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സഹകരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യും. വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. ബോറിസ് ജോണ്‍സണ്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.



Other News in this category



4malayalees Recommends