ജീവിക്കാന്‍ പാടുപെടുന്നതിന് ഇടയില്‍ വരുന്നു റെയില്‍ സമരം; ട്രെയിന്‍, ട്യൂബ് സര്‍വ്വീസുകളിലെ 50,000 ജീവനക്കാര്‍ അഞ്ച് ദിവസം പണിമുടക്കും; ഉപതെരഞ്ഞെടുപ്പ് മുതല്‍ ജിസിഎസ്ഇ എക്‌സാമുകളെ വരെ ബാധിക്കും; കര്‍ശന നിലപാടുമായി ഇടത് ട്രെയിന്‍ യൂണിയനുകള്‍

ജീവിക്കാന്‍ പാടുപെടുന്നതിന് ഇടയില്‍ വരുന്നു റെയില്‍ സമരം; ട്രെയിന്‍, ട്യൂബ് സര്‍വ്വീസുകളിലെ 50,000 ജീവനക്കാര്‍ അഞ്ച് ദിവസം പണിമുടക്കും; ഉപതെരഞ്ഞെടുപ്പ് മുതല്‍ ജിസിഎസ്ഇ എക്‌സാമുകളെ വരെ ബാധിക്കും; കര്‍ശന നിലപാടുമായി ഇടത് ട്രെയിന്‍ യൂണിയനുകള്‍

ജൂണ്‍ മാസത്തിന്റെ അവസാന പാദത്തില്‍ ട്രെയിന്‍, ട്യൂബ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുമെന്ന് ഭീഷണി. രാജ്യത്ത് ഉപതെരഞ്ഞെടുപ്പുകളും, ജിസിഎസ്ഇ പരീക്ഷകളും, സമ്മര്‍ സംഗീതനിശകളുമായി ജനം തിരക്കുപിടിച്ച ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് ഇതിന് പ്രതിബന്ധമായി റെയില്‍ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.


തീവ്ര ഇടത് യൂണിയനായ റെയില്‍, മാറിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയനിലെ അംഗങ്ങളായ 50,000 ജീവനക്കാരാണ് പണിമുടക്ക് നടത്തുന്നത്. നെറ്റ്‌വര്‍ക്ക് റെയില്‍ കൂടാതെ മറ്റ് 13 ട്രെയിന്‍ ഓപ്പറേറ്റര്‍മാരാണ് ഇതിന്റെ പ്രത്യാഘാതം നേരിടുക. ജൂണ്‍ 21, 23, 25 തീയതികളിലാണ് ജോലിക്കാരുടെ പണിമുടക്ക്. ശമ്പളത്തിന്റെയും, ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെയും പേരിലുള്ള തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികള്‍ പിന്നാലെ എത്തുമെന്ന് ആര്‍എംടി യൂണിയന്‍ വ്യക്തമാക്കി.

എന്നാല്‍ ആര്‍എംടി യൂണിയന്റേത് ഒരു മേഖലയുടെ തലയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള നടപടിയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. ജോലിക്കാരുടെ ക്ഷാമവും, ചില വിമാനകമ്പനികള്‍ അധിക ബുക്കിംഗ് സ്വീകരിക്കുന്നതും മൂലം എയര്‍പോര്‍ട്ടുകളില്‍ പ്രതിസന്ധി രൂക്ഷമായ അവസ്ഥയിലാണ് പുതിയ തലവേദന. പെട്രോള്‍ നിരക്ക് ഈയാഴ്ച ലിറ്ററിന് 2 പൗണ്ടില്‍ തൊട്ടിരുന്നു.

ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ നീളുന്ന ട്രെയിന്‍, ട്യൂബ് സമരങ്ങള്‍ യാത്രക്കാരെ സാരമായി ബാധിക്കും. ജൂണ്‍ 23ന് രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് സമരമെന്നതും ശ്രദ്ധേയമാണ്. യാത്രാ സര്‍വ്വീസുകള്‍ക്ക് മുകളില്‍ ചരക്ക് ട്രെയിനുകള്‍ക്ക് പ്രാധാന്യം നല്‍കി സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളിലും, പെട്രോള്‍ ഫൊര്‍കോര്‍ട്ടുകളിലും സ്‌റ്റോക്ക് ഉറപ്പാക്കാനാണ് റെയില്‍ മേധാവികളുടെ ശ്രമം.

റെയില്‍ ജീവനക്കാരുടെ സ്ഥിതി പരിതാപകരമാണെന്നാണ് ആര്‍എംടി ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ചിന്റെ നിലപാട്. കഴിഞ്ഞ ദശകത്തിനിടെ ട്രെയിന്‍ ഡ്രൈവര്‍മാരുടെ വരുമാനത്തില്‍ 39 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. നഴ്‌സുമാര്‍ക്ക് കേവലം 15 ശതമാനം വരുമാനമാണ് വര്‍ദ്ധിച്ചത്. നഴ്‌സുമാര്‍ക്ക് ശരാശരി ശമ്പളം 31,000 പൗണ്ടാണെന്നിരിക്കെ, ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് ഇത് 59,000 പൗണ്ടാണ്!
Other News in this category



4malayalees Recommends