എന്‍എച്ച്എസിലെത്തുന്ന അസാധാരണമായ ജനിതക വൈകല്യമുള്ള രോഗികള്‍ക്ക് മികച്ച ചികിത്സയേകാന്‍ പുതിയ സര്‍വീസ്; രോഗാവസ്ഥ നേരത്തെ തിരിച്ചറിയാനും ഉചിതമായ ചികിത്സയേകാനും ലക്ഷ്യമിട്ടുള്ള നീക്കം നൂറ് കണക്കിന് രോഗികളുടെ ജീവിതം മെച്ചപ്പെടുത്തും

എന്‍എച്ച്എസിലെത്തുന്ന അസാധാരണമായ ജനിതക വൈകല്യമുള്ള രോഗികള്‍ക്ക് മികച്ച ചികിത്സയേകാന്‍ പുതിയ സര്‍വീസ്; രോഗാവസ്ഥ നേരത്തെ തിരിച്ചറിയാനും ഉചിതമായ ചികിത്സയേകാനും ലക്ഷ്യമിട്ടുള്ള നീക്കം നൂറ് കണക്കിന് രോഗികളുടെ ജീവിതം മെച്ചപ്പെടുത്തും
അസാധാരണമായ ജനിതക വൈകല്യമുള്ള എന്‍എച്ച്എസ് രോഗികള്‍ക്കുള്ള ചികിത്സ മെച്ചപ്പെടുത്തുന്നതിനായി പുതിയ സര്‍വീസ് ആരംഭിക്കാന്‍ എന്‍എച്ച്എസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റത്തെ ബാധിക്കുന്ന അപൂര്‍വ ജനിതകവൈകല്യങ്ങളുളള നൂറ് കണക്കിന് രോഗികളുടെ തകരാറുകള്‍ അതിവേഗം കണ്ടെത്താനും നേരത്തെ തന്നെ ഇവര്‍ക്ക് ആവശ്യമായ ചികിത്സ അഥവാ സ്‌പെഷ്യലിസ്റ്റ് കെയര്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ നീക്കത്തിന്റെ ഭാഗമായി ഇന്‍ഹെറിറ്റഡ് വൈറ്റ് മാറ്റര്‍ ഡിസ്ഓര്‍ഡേര്‍സ് (ഐഡബ്ല്യൂഎംഡിഎസ്) അഥവാ ല്യൂക്കോഡൈസ്‌ട്രോഫീസ് പോലുള്ള അപൂര്‍വ ജനിതക വൈകല്യങ്ങളുള്ളവര്‍ക്ക് അതിവേഗത്തില്‍ വിദഗ്ധ സംഘത്തിന്റെ ചികിത്സ ലഭിക്കുന്നതിന് വഴിയൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഇത്തരക്കാരെ അനാവശ്യ യാത്രകളില്‍ നിന്ന് ഒഴിവാക്കാനായി വെര്‍ച്വല്‍ സപ്പോര്‍ട്ടും പുതിയ നീക്കത്തിന്റെ ഭാഗമായി ലഭ്യമാക്കുന്നതായിരിക്കും.

കൂടാതെ സമീപപ്രദേശത്തെ ക്ലിനിക്കുകളില്‍ നിന്ന് മെച്ചപ്പെട്ട പിന്തുണയും ഇത്തരക്കാര്‍ക്ക് പ്രദാനം ചെയ്യുന്നതായിരിക്കുമെന്നും എന്‍എച്ച്എസ് അറിയിക്കുന്നു. ഇതിന്റെ ഭാഗമായി ഇത്തരക്കാര്‍ക്ക് കൂടുതലായി ലോക്കല്‍ ടെസ്റ്റിംഗ് ആന്‍ഡ് സിംപ്റ്റം മാനേജ്‌മെന്റും ലഭ്യമാക്കിയിരിക്കും. അപൂര്‍വ ജനിതക വൈകല്യങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നേരത്തെയുള്ള ജനറ്റിക് ടെസ്റ്റിംഗും വണ്‍ സ്റ്റോപ്പ് വെര്‍ച്വല്‍ ക്ലിനിക്കല്‍ റിവ്യൂസും ലഭ്യമാക്കുന്നതിലൂടെ ഇവര്‍ക്ക് കൂടുതല്‍ കൃത്യമായ രോഗനിര്‍ണയവും വ്യക്തമായതും ഉചിതമായതുമായ വിദഗ്ദ ചികിത്സകളും പ്രാപ്യമാക്കാന്‍ സാധിക്കുമെന്നാണ് എന്‍എച്ച്എസ് പറയുന്നത്.

ഇത്തരം രോഗങ്ങളുളളവരുടെ ജീവിതം ദുരിതമയമാവുകയും ആയുസ്സ് കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയതും മാതൃകാപരവുമായ പുതിയ സര്‍വീസ് ആരംഭിക്കാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നത്. ഇതിലൂടെ ഇത്തരക്കാരുടെ രോഗാവസ്ഥ വേഗത്തില്‍ നിര്‍ണയിക്കപ്പെടാനും ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് ഉചിതമായ ചികിത്സ ലഭ്യമാക്കാനും സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. പുതിയ സര്‍വീസിലൂടെ എന്‍എച്ച്എസ് കെയറിന്റെ പുതിയൊരു തലമാണ് തുറക്കപ്പെടുന്നതെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ സ്‌പെഷ്യലൈസ്ഡ് കമ്മീഷനിംഗ് ഡയറക്ടറായ ജോണ്‍ സ്റ്റിയൂവര്‍ട്ട് പറയുന്നത്. വെര്‍ച്വല്‍ ആന്‍ഡ് ഫേസ് ടു ഫേസ് കെയര്‍, വിവിധ തലങ്ങളിലുള്ള വിദഗ്ധരുടെ സേവനം എന്നിവയെ കൂട്ടിയോജിപ്പിച്ച് കൊണ്ടാണ് പുതിയ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.


.

Other News in this category



4malayalees Recommends