ഓസ്‌ട്രേലിയയിലെ ഡിജിറ്റല്‍ സ്‌റ്റൈലിങ് തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍

ഓസ്‌ട്രേലിയയിലെ ഡിജിറ്റല്‍ സ്‌റ്റൈലിങ് തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍
വസ്തു വില്‍പ്പനക്കുള്ള പരസ്യത്തിന് വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചതിന് റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സിക്കെതിരെ നടപടിക്ക് സാധ്യത. ഓസ്‌ട്രേലിയയിലെ വടക്കന്‍ വിക്ടോറിയയിലെ ലെനീവയില്‍ പുതുതായി നിര്‍മ്മിച്ച ആഴ്ചയില്‍ 670 ഡോളര്‍ വാടകയ്ക്ക് നല്‍കുമെന്ന ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ വീടിനാണ് വ്യാജ ചിത്രം നല്‍കിയത്.

ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ആളുകള്‍ കണ്ടെത്തിയതോടെയാണ് ഏജന്‍സിക്കെതിരെ നടപടിക്ക് സാധ്യത തെളിഞ്ഞത്. നിര്‍മ്മാണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് ഏജന്‍സി പുറത്തുവിട്ടത്. ഫോട്ടോഷോപ്പ് ചെയ്ത പുല്‍ത്തകിടി മനോഹരമായിരുന്നു. പക്ഷെ ഒരു ജനലിലൂടെ നിര്‍മ്മാണം നടക്കുന്നതിന്റെ പ്രതിബിംബം ദൃശ്യമായത് റിയല്‍ എസ്റ്റേറ്റ് ഏജന്‍സിക്ക് തിരിച്ചടിയായി.

ഇത്തരം വ്യാജ ചിത്രങ്ങള്‍ നല്‍കുന്നത് തടയാന്‍ നിയമം വേണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടു. പരസ്യത്തിലെ മറ്റ് ഫോട്ടോകള്‍ വീടിനുള്ളില്‍ നിന്നുള്ളതാണ്. ഇപ്പോള്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് നിര്‍മ്മാണം പൂര്‍ത്തിയായതായി കാണിക്കുന്നത് വഞ്ചനയാണെന്ന് പരാതി ഉയരുന്നു. കഴിഞ്ഞ മാസം സിഡ്‌നിയുടെ വടക്കുപടിഞ്ഞാറില്‍ രണ്ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ പരസ്യത്തില്‍ ഒരു വലിയ ബാല്‍ക്കണിയില്‍ ഫോട്ടോഷോപ്പ് ചെയ്ത സൂര്യാസ്തമയം ചേര്‍ത്തത് വിവാദമായിരുന്നു. സിഡ്‌നി അസ്ഥാനമായുള്ള ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റ് ഈ സമ്പ്രദായത്തെ ന്യായീകരിച്ചു, എല്ലാവരും ഇതു ചെയ്യുന്നു എന്ന് അവകാശപ്പെട്ടാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റ് ഇതിനെ ന്യായീകരിക്കുന്നത്. ഡിജിറ്റല്‍ സ്റ്റൈലിങ് എന്നാണ് ഇതിനെ വിളിക്കുന്നത്. വസ്തുവിനെയും വീടിനേയും കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇതു സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ പരസ്യത്തില്‍ കൃത്യമല്ലാത്ത രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന വാടക വസ്തുക്കളെ കുറിച്ച് വിക്ടോറിയ ഉപഭോക്തൃകാര്യ വകുപ്പ് ഇപ്പോള്‍ അന്വേഷണം നടത്തുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.

Other News in this category



4malayalees Recommends