മൂന്നാഴ്ച മുമ്പ് യുകെയിലെത്തിയ ബിജുവിന്റെ വിയോഗത്തില്‍ ഞെട്ടലോടെ യുകെ മലയാളി സമൂഹം ; ഭാര്യയേയും മക്കളേയും തനിച്ചാക്കി ബിജു പോയി ; കുടുംബത്തിനെ ആശ്വസിപ്പിക്കാന്‍ സ്റ്റാഫോര്‍ഡ് മലയാളികള്‍

മൂന്നാഴ്ച മുമ്പ് യുകെയിലെത്തിയ ബിജുവിന്റെ വിയോഗത്തില്‍ ഞെട്ടലോടെ യുകെ മലയാളി സമൂഹം ; ഭാര്യയേയും മക്കളേയും തനിച്ചാക്കി ബിജു പോയി ; കുടുംബത്തിനെ ആശ്വസിപ്പിക്കാന്‍ സ്റ്റാഫോര്‍ഡ് മലയാളികള്‍
ഹൃദ്രോഗം വില്ലനായപ്പോള്‍ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ഇല്ലാതായത്. മൂന്നാഴ്ചയായിട്ടുള്ളു ബിജുവും കുടുംബവും യുകെയിലെത്തിയത്. കോവിഡ് നെഗറ്റീവായെങ്കിലും ഹൃദ്രോഗം ബിജുവിന്റെ ജീവനെടുത്തു. ഹൃദയത്തില്‍ ബ്ലോക്കുണ്ടായതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി നിര്‍ദ്ദേശിച്ചെങ്കിലും കുടുംബത്തിന് പെട്ടെന്ന് ഒരു ഓപ്പറേഷന്‍ നടത്താന്‍ സാധിച്ചില്ല. ഒടുവില്‍ ഗുരുതരമായിരിക്കേ സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റോക് ഓണ്‍ ട്രെന്റ് റോയല്‍ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

ജോലി സ്ഥലത്തായിരുന്ന ഭാര്യയെ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മരണ വിവരം പറഞ്ഞത്. കുടുംബത്തിന് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു ഈ വിയോഗം.

ആശുപത്രി ജീവനക്കാരും സ്റ്റാഫോര്‍ഡ് മലയാളികളും കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഒപ്പമുണ്ടായി. ദിവസങ്ങള്‍ മാത്രം പരിചയമുള്ളതിനാല്‍ കുടുംബത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും അറിയുമായിരുന്നില്ല. ബിജുവിന്റെ പിതൃ സഹോദരിയുടെ മകന്‍ ലിവര്‍പൂളില്‍ നിന്ന് എത്തിയിട്ടുണ്ട്.

പരിചയമില്ലാത്ത നാട്ടിലെത്തിയ കുടുംബത്തിന് നേരിട്ട ഈ വലിയ ദുരന്തത്തില്‍ ഇവര്‍ക്കൊപ്പം എല്ലാസഹായവുമായി മലയാളി സമൂഹം കൂടെയുണ്ട്.

നാട്ടില്‍പ്ലസ്ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടിയുമായാണ് ബിജു യുകെയിലെത്തിയത്. ഒരു വര്‍ഷത്തെ പ്രായവ്യത്യാസം മാത്രമാണ് രണ്ടാമത്തെ കുട്ടിയുമായിട്ടുള്ളത്. ഇവരുടെ പഠനം ഉള്‍പ്പെടെ മുന്നില്‍ കണ്ടാണ് 15 ലക്ഷം മുടക്കി സീനിയര്‍ കെയര്‍ വിസയില്‍ ജോലിക്കെത്തിയത്. നാലു പേരടങ്ങുന്ന കുടുംബം പ്രതീക്ഷയോടെ എത്തിയെങ്കിലും വിധി ക്രൂരത കാട്ടി.

സംസ്‌കാരം ഉള്‍പ്പെടെ കാര്യങ്ങളില്‍ കുടുംബം തീരുമാനമെടുക്കുന്നതേയുള്ളൂ.

Other News in this category



4malayalees Recommends