ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ കുടിയേറ്റക്കാര്‍ക്ക് 'പാരയാകും'! ചെലവ് കുറഞ്ഞ വിദേശ ജോലിക്കാരെ ജോലിക്ക് കിട്ടുമെന്ന് പ്രതീക്ഷ വേണ്ടെന്ന് മുന്നറിയിപ്പുമായി സ്റ്റാര്‍മര്‍; ബ്രിട്ടന്റെ വളര്‍ച്ചയ്ക്ക് സ്വദേശികള്‍ മതി?

ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ കുടിയേറ്റക്കാര്‍ക്ക് 'പാരയാകും'! ചെലവ് കുറഞ്ഞ വിദേശ ജോലിക്കാരെ ജോലിക്ക് കിട്ടുമെന്ന് പ്രതീക്ഷ വേണ്ടെന്ന് മുന്നറിയിപ്പുമായി സ്റ്റാര്‍മര്‍; ബ്രിട്ടന്റെ വളര്‍ച്ചയ്ക്ക് സ്വദേശികള്‍ മതി?

ലേബര്‍ ഗവണ്‍മെന്റ് ഭരണത്തിലെത്തിയാല്‍ കുടിയേറ്റക്കാര്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ ഉണ്ടാകുമെന്നതാണ് ഇതുവരെയുള്ള അനുഭവം. അതുകൊണ്ട് തന്നെയാണ് ലേബര്‍ പാര്‍ട്ടിയെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പുകളില്‍ അനുകൂലിക്കുന്നത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ ഈ 'കുടിയേറ്റ പ്രേമം' അവസാനിപ്പിക്കുമെന്നാണ് നേതാവ് കീര്‍ സ്റ്റാര്‍മറുടെ മുന്നറിയിപ്പ്.


താന്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ചെലവ് കുറഞ്ഞ കുടിയേറ്റ തൊഴിലാളികളെ ലഭിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് ബിസിനസ്സുകള്‍ക്കുള്ള മുന്നറിയിപ്പില്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയത്. 'കുറഞ്ഞ ശമ്പളം നല്‍കി, ചെലവ് കുറഞ്ഞ ജോലിക്കാരെ നിയോഗിച്ച് ബ്രിട്ടന്റെ വളര്‍ച്ച കൈവരിക്കുന്ന ദിവസങ്ങള്‍ അവസാനിക്കണം', സിബിഐയില്‍ വ്യവസായ നേതാക്കളെ അഭിസംബോധന ചെയ്ത ലേബര്‍ നേതാവ് വ്യക്തമാക്കി.

ഇമിഗ്രേഷനെ ആശ്രയിച്ച് സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്ന രീതി അവസാനിപ്പിക്കാന്‍ നമ്മള്‍ ഒരുമിക്കണം, കുടിയേറ്റ നയത്തില്‍ നാടകീയമായ പിന്‍മാറ്റം പ്രഖ്യാപിച്ച് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഇവിടെയുള്ള ജോലിക്കാരെ കൂടുതല്‍ പരിശീലിപ്പിച്ചെടുക്കാന്‍ നിക്ഷേപം ആരംഭിക്കുകയാണ് വേണ്ടത്. ഉയര്‍ന്ന സ്‌കില്ലും, കൂടുതല്‍ പരിശീലനവും നല്‍കാനും, മെച്ചപ്പെട്ട ശമ്പളവും, ജോലി സാഹചര്യങ്ങളും ഒരുക്കാന്‍ നിങ്ങള്‍ പദ്ധതികളുമായി മുന്നോട്ട് വരണം, സ്റ്റാര്‍മര്‍ മേധാവികളോട് പറഞ്ഞു.

ഈ നയം മാറ്റത്തോടെ പാര്‍ട്ടിയിലെ ഇടത് വിഭാഗവുമായി സ്റ്റാര്‍മര്‍ നേരിട്ട് പോരാടേണ്ടി വരും. ടോറി പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ സ്വന്തം നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍മര്‍. അതേസമയം അഭയാര്‍ത്ഥികളോടുള്ള കാരുണ്യം ലേബര്‍ നേതാവ് കുറയ്ക്കുന്നില്ല.

അഭയാര്‍ത്ഥി അപേക്ഷകള്‍ പരാജയപ്പെടുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുപണം ഉപയോഗിച്ച് അപ്പീല്‍ നല്‍കാന്‍ സാധിക്കണമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. കൂടുതല്‍ കുടിയേറ്റക്കാരെ വരും വര്‍ഷങ്ങളില്‍ സ്വീകരിച്ച് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ വളര്‍ത്തിയെടുക്കാന്‍ പ്രധാനമന്ത്രി ഋഷി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും തയ്യാറാകുമ്പോഴാണ് ഈ നിലപാട് മാറ്റം.
Other News in this category



4malayalees Recommends