ഡാഷ് ക്യാമറകള്‍ നിരോധിച്ചിട്ടില്ലെന്ന് യുഎഇ ട്രാഫിക്ക് വിഭാഗം; വാഹനാപകടങ്ങളില്‍ തെളിവെടുപ്പിനും മറ്റും ഡാഷ് ക്യാമറകള്‍ ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

ഡാഷ് ക്യാമറകള്‍ നിരോധിച്ചിട്ടില്ലെന്ന് യുഎഇ ട്രാഫിക്ക് വിഭാഗം; വാഹനാപകടങ്ങളില്‍ തെളിവെടുപ്പിനും മറ്റും ഡാഷ് ക്യാമറകള്‍ ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
ദുബായ്: ഡാഷ്‌ബോര്‍ഡ് ക്യാമറകള്‍ ഘടിപ്പിക്കുന്നത് യുഎഇയില്‍ നിരോധിക്കുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ജനറല്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാഫിക്ക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സാല്‍ഫ് മുഹൈര്‍ അല്‍ മസ്രൗള്‍ വ്യക്തമാക്കി. വാഹനാപകടങ്ങള്‍ക്ക് ശേഷം യാത്രക്കാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും സഹായിക്കാന്‍ കഴിയുന്നവയാണ് ഇവയെന്ന് വിദഗ്ദ്ധരും പോലീസും വ്യക്തമാക്കുന്നു. ' വീ ആര്‍ പോലീസ് ' കാമ്പയിനിംഗിന്റെ ഭാഗമായിട്ടാണ് ഡാഷ്‌ബോര്‍ഡ് ക്യാമറകളുടെ ഉപയോഗം ട്രാഫിക്ക് വിഭാഗം വ്യക്തമാക്കിയത്. റോഡ് നിയമലംഘകരുടെ ഫോട്ടോകളും വീഡിയോകളും ട്രാഫിക്ക് വിഭാഗം സ്വാഗതം ചെയ്യുന്നതായി അല്‍ മസ്രൗള്‍ പറഞ്ഞു.

പലസാഹചര്യങ്ങളിലും പോലീസ് വാഹനം കാണുമ്പോള്‍ മാത്രമാണ് വാഹനയാത്രക്കാര്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2016ന്റെ ആദ്യ ഏഴ് മാസങ്ങളില്‍ ട്രാഫിക്ക് നിയമലംഘനങ്ങളുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്നും 24234 പരാതികളാണ് പോലീസിന് ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാഷ് ക്യാമറകള്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നത് ഡ്രൈവര്‍ക്ക് സമാധാനത്തോടെ വാഹനമോടിക്കാന്‍ സഹായകമാണെന്നാണ് യുഎഇയിലെ ഔദ്യോഗിക ഡാഷ് ക്യാമറ ഇന്‍സ്റ്റലേഷന്‍ കമ്പനിയായ ഓപ്പണ്‍ ഐ സെക്യൂരിറ്റിയുടെ എക്‌സിക്യൂട്ടീവ് ബ്രാന്‍ഡ് മാനേജര്‍ മൈക്ക് സിങ്ങര്‍ പറയുന്നത്.

വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതിന് ശേഷമുള്ള അന്വേഷണങ്ങള്‍ക്ക് ഡാഷ് ക്യാമറകള്‍ പലപ്പോളും സഹായകമായിട്ടുണ്ടെന്ന് സിങ്ങര്‍ പറയുന്നു. പൊതുജനങ്ങള്‍ കരുതുന്നത് ഡാഷ് ക്യാമറകള്‍ ഘടിപ്പിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണെന്നാണ്. ഇത് തികച്ചും തെറ്റായ ധാരണയാണ്.

Other News in this category4malayalees Recommends