ക്‌നാനായ മക്കളുടെ വല്യപിതാവിന് ഇന്ന് യാത്രാമൊഴി

ക്‌നാനായ മക്കളുടെ വല്യപിതാവിന് ഇന്ന് യാത്രാമൊഴി
കോട്ടയം: ക്‌നാനായസമുദയാത്തിന്റെയും കേരള കത്തോലിക്ക സഭയുടെയും വലിയ ഇടയനായ മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചകഴിഞ്ഞ് ക്‌നാനായ സമുദായത്തിന്റെ ആസ്ഥാനമായ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ സംസ്‌കരിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ക്രിസ്തുരാജ കത്തീഡ്രലില്‍ എത്തിച്ച പിതാവിന്റെ ഭൗതിക ശരീരം ദര്‍ശിക്കുവാനായി ആയിരക്കണക്കിന് ജനങ്ങളാണ് കോട്ടയത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് 12ന് ഭൗതികശരീരം കാരിത്താസില്‍ നിന്ന് പ്രത്യേക ആംബുലന്‍സിലാണ് കൊണ്ടുവന്നത്. മാര്‍ മത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആദ്യ ചുംബനം നല്‍കി. മാര്‍ ജോസഫ് പണ്ടാരശേരില്‍, കുറിയോക്കോസ് മാര്‍ സേവോറിയോസ് മെത്രാപ്പോലീത്ത, ജോസ് കെ.മാണി .എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സഖറിയാസ് കുതിരവേലി തുടങ്ങിയവരുമുണ്ടായിരുന്നു. തുടര്‍ന്ന് സംസ്‌ക്കാര ശുശ്രൂക്ഷയുടെ ഒന്നാം ഭാഗം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്‌നാനായ മക്കള്‍ പിതാവിന്റെ സംസ്‌ക്കാര ചടങ്ങില്‍ സംബന്ധിക്കാനായി എത്തി കൊണ്ടിരിക്കുകയാണ്. ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ജോസ് കെ മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, പി.സി. ജോര്‍ജ്ജ് എം.എല്‍.എ, ആര്‍ച്ചുബിഷപ്പ് സിവേറിയോസ് മാര്‍ കുര്യാക്കോസ്, ആര്‍ച്ചുബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, റവ. ഡോ. സ്റ്റാന്‍ലി റോമന്‍, ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ്, മാര്‍ തോമസ് മേനാംപറമ്പില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോസ് പുളിക്കല്‍, കോട്ടയം ജില്ലാ കളക്ടര്‍ സി.എ ലത ഐ.എ.എസ് തുടങ്ങി മത, സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ക്‌നാനായ വോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രൂഷകള്‍ ആയിരക്കണക്കിന് പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വീക്ഷിച്ചു കൊണ്ടിരിക്കുന്നത്.


പിതാവിന്റെ സംസ്‌ക്കാരശുശ്രൂഷകള്‍ ഇന്ന് (ജൂണ്‍ 17) ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ ആരംഭിക്കും. മെത്രാന്മാരും വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി പങ്കെടുക്കും. തൃശ്ശൂര്‍ അതിരൂപത മുന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജേക്കബ്ബ് തൂങ്കുഴി വചനസന്ദേശം നല്‍കും. കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം അനുസ്മരണ സന്ദേശം നല്‍കും. സമാപന ശുശ്രൂഷയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. നഗരികാണിക്കലിനെ തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കല്ലറയില്‍ മൃതദേഹം സംസ്‌ക്കരിക്കും.


ഇന്നലെ ഉച്ചകഴിഞ്ഞ് 1 മണിക്ക് കാരിത്താസ് ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ എത്തിച്ച ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു. മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ വേര്‍പാടിലുള്ള അനുശോചനമായി അതിരൂപതയില്‍ ഏഴ് ദിവസം ദുഃഖാചരണമായിരിക്കുമെന്നും സംസ്‌ക്കാരദിനമായ ഇന്ന് അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.


ജനതിതിരക്ക് മുന്നില്‍ കണ്ട് വിപുലമായ പാര്‍ക്കിംഗ് ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംസ്‌ക്കാരശുശ്രൂഷകളില്‍ പങ്കെടുക്കാനത്തെുന്ന മെത്രാന്മാരുടെയും വിശിഷ്ടവ്യക്തികളുടെയും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ ജെറുസലേം മാര്‍ത്തോമാ ചര്‍ച്ചിന്റെയും കോട്ടയം ജില്ലാ ആശുപത്രിയുടെയും ഗ്രൗണ്ടുകളും ചെറുവാഹനങ്ങളിലത്തെുന്നവര്‍ക്കായി മാര്‍ ഏലിയ കത്തീഡ്രലിന്റെയും ബസേലിയോസ് കോളേജിന്റെയും എം.ഡി സെമിനാരിയുടെയും എം.ടി സ്‌കൂളിന്റെയും ഗ്രൗണ്ടുകളും നാഗമ്പടം പോപ്പ് മൈതാനവുമാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഇടവകകളില്‍ നിന്നും വലിയ വാഹനങ്ങളിലത്തെുന്നവര്‍ മനോരമ ജംഗ്ഷന് മുന്‍പില്‍ ആളുകളെ ഇറക്കിയതിനുശേഷം ഈരയില്‍ക്കടവ് മണിപ്പുഴ റോഡിന്റെ വശങ്ങളില്‍ പാര്‍ക്കു ചെയ്യേണ്ടതാണെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. കത്തീഡ്രല്‍ മുറ്റത്തും ബി.സി.എം കോളജിലും വാള്‍ ടി.വി ഒരുക്കിയിട്ടുണ്ട്. അവിടെ ഇരുന്നും സംസ്‌ക്കാര ചടങ്ങുകള്‍ വീക്ഷിക്കാന്‍ പറ്റും. വന്ദ്യ പിതാവിന്റെ മൃത സംസ്‌കാര ശുശ്രൂഷകള്‍ കെ വി ടിവി ചാനലിലും ( മലയാളം ഐ പി ടിവി, ബോം ടിവി, റോക്കു, കെവിടിവി.കോം & സ്മാര്‍ട്ട് ഫോണ്‍ ആപ്പ്), ക്‌നാനായ വോയിസിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക് ചാനലിലും തത്സമയം തുടരുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്‌നാനായ വോയിസ് .കോം സന്ദര്‍ശിക്കുക. അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends