സൗത്ത് ചൈന കടല്‍ പ്രദേശത്തെ തര്‍ക്കം താന്‍ മധ്യസ്ഥം വഹിച്ച് പരിഹരിക്കാമെന്ന് ട്രംപ്; ചൈനയുടെ നിലപാടാണ് പ്രശ്‌നത്തിന് മുഖ്യ കാരണമെന്ന് സമ്മതിച്ച് ട്രംപ് വിയറ്റ്‌നാമില്‍; ചൈനയുടെ സ്വാര്‍ത്ഥത പ്രശ്‌ന പരിഹാരത്തിന് തടസമെന്ന് വിയറ്റ്‌നാം

സൗത്ത് ചൈന കടല്‍ പ്രദേശത്തെ തര്‍ക്കം താന്‍ മധ്യസ്ഥം വഹിച്ച് പരിഹരിക്കാമെന്ന് ട്രംപ്; ചൈനയുടെ നിലപാടാണ് പ്രശ്‌നത്തിന് മുഖ്യ കാരണമെന്ന് സമ്മതിച്ച് ട്രംപ് വിയറ്റ്‌നാമില്‍; ചൈനയുടെ സ്വാര്‍ത്ഥത പ്രശ്‌ന പരിഹാരത്തിന് തടസമെന്ന് വിയറ്റ്‌നാം
ചൈനയും മറ്റ് അഞ്ച് രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്ന സൗത്ത് ചൈന കടല്‍ പ്രദേശത്തെ തര്‍ക്കത്തിന് താന്‍ മധ്യസ്ഥം വഹിക്കാമെന്ന വാഗ്ദാനമേകി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തന്ത്രപ്രധാനമായ ഈ പ്രദേശത്തെ കൈയടക്കി സമകല അവകാശങ്ങളും അനുഭവിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്നാണ് വിയറ്റ്‌നാമടക്കമുള്ള മറ്റ് അഞ്ച് രാജ്യങ്ങളും ആരോപിക്കുന്നത്. വിയറ്റ്‌നാം സന്ദര്‍ശനത്തിനിടെ സംസാരിക്കവെയാണ് ട്രംപ് പ്രശ്‌നത്തില്‍ ഇടപെടാമെന്ന വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുന്നത്.

ചൈനയുടെ ഈ പ്രദേശത്തെ അധികാരപ്രയോഗത്തിനെ ഏറ്റവും ശക്തമായി ചോദ്യം ചെയ്യുന്ന രാജ്യമാണ് വിയറ്റ്‌നാം. സൗത്ത് ചൈന കടലില്‍ ചൈന കൃത്രിമ ദ്വീപുകളും മറ്റ് നിര്‍മാണ് പ്രവൃത്തികളും നടത്തുന്നതിനെ വിയറ്റ് നാം അതിശക്തമായാണ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്നത്. നിര്‍ണായകമായ ഈ കപ്പല്‍ പാതയിലൂടെ പ്രതിവര്‍ഷം മൂന്ന് ട്രില്യണ്‍ ഡോളറിന്റെ ചരക്കുകളാണ് കടന്ന് പോകുന്നത്. തനിക്ക് ഈ പ്രശ്‌നത്തില്‍ ഇടപെടാനും പരിഹരിക്കാനും സാധിക്കുമെങ്കില്‍ അക്കാര്യം തന്നെ അറിയിച്ചാല്‍ അതിന് സന്തോഷമേയുള്ളുവെന്നും ട്രംപ് വിയറ്റ്‌നാമീസ് പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാന്‍ഗിനെ തലസ്ഥാനമായ ഹനോയില്‍ വച്ച് കൂടിക്കാഴ്ച നടത്തവെ വെളിപ്പെടുത്തി.

സൗത്ത് ചൈന കടല്‍ തര്‍ക്കത്തില്‍ ചൈനയുടെ നിലപാടാണ് പ്രശ്‌നത്തിന് മുഖ്യ കാരണമെന്ന് ട്രംപ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ വളരെ നല്ല ഒരു മധ്യസ്ഥനായതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ട്രംപ് പറയുന്നു. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സമാധാനപരമായ വിലപേശലിലൂടെ ഈ പ്രദേശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് വിയറ്റ്‌നാം വിശ്വസിക്കുന്നതെന്നാണ് ക്വാന്‍ഗ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ചൈനയുടെ സ്വാര്‍ത്ഥത നിറഞ്ഞ അവകാശ വാദങ്ങളാണ് ഇതിന് തടസം സൃഷ്ടിക്കുന്നതെന്നും വിയറ്റ്‌നാം ആരോപിക്കുന്നു.

Other News in this category4malayalees Recommends