കെ എച്ച് എന്‍ എ 2017 19 ഭരണസമിതിയുടെ പ്രഥമ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

കെ എച്ച് എന്‍ എ 2017 19 ഭരണസമിതിയുടെ പ്രഥമ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണില്‍ നടന്ന നിറപ്പകിട്ടാര്‍ന്ന ചടങ്ങില്‍ ഡോ :രേഖാ മേനോന്റെ നേതൃത്വത്തില്‍ 2017 19 ലേക്കുള്ള കെ എച്ച് എന്‍ എ ഭരണസമിതി ചുമതലയേറ്റു . 2019 ല്‍ നടക്കുന്ന കണ്‍വെന്‍ഷനെ ആവേശത്തോടെ വരവേല്‍ക്കാന്‍ തയാറായിക്കഴിഞ്ഞു ന്യൂ ജേഴ്‌സി എന്നതിന് മികച്ച ദൃഷ്ടാന്തം ആയി മാറി ഉദ്ഘാടന ചടങ്ങിലെ പ്രാതിനിധ്യം. അമേരിക്കയിലെ രണ്ടാം തലമുറയിലെ ആദ്യ പ്രസിഡന്റ്, പ്രഥമ വനിതാ സാരഥി എന്നതില്‍ തുടങ്ങുന്ന പ്രത്യേകതകള്‍, ചരിത്രത്തിലില്ലാത്ത വിധം ഈ സംഘടനക്ക് പുരോഗനാന്മുഖമായ നാളുകള്‍ സമ്മാനിക്കും എന്ന പ്രത്യാശ സമ്മേളനത്തിലൂടനീളം നിറഞ്ഞു നിന്നു .ഡയറക്ടര്‍ ബോര്‍ഡ് യോഗം അടുത്ത രണ്ടു വര്‍ഷത്തെ പരിപാടികള്‍ സമഗ്രമായി വിലയിരുത്തി. അരുണ്‍ രഘുവിനെ ട്രസ്റ്റീ ബോര്‍ഡ് ആക്ടിങ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുത്തു .


കെ എച്ച് എന്‍ എ യുടെ നവയുഗത്തിനു തുടക്കം കുറിക്കുന്ന സമ്മേളനം എന്ന് പ്രഖ്യാപിച്ചു കൊണ്ട് ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ച സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അതിഥികള്‍ക്ക് സ്വാഗതം അരുളി. യുവത്വത്തിന്റെ ഊര്‍ജ്ജസ്വലതയും, മുതിര്‍ന്നവരുടെ പരിചയ സമ്പന്നതയും സമന്യയിക്കുന്ന പുതിയ നേതൃനിര കെ എച്ച് എന്‍ എ യ്ക്ക് ശരിയായ ദിശാബോധം നല്‍കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. സനാതന സംസ്‌കാരത്തിന്റെ സംരക്ഷണത്തിനായി കെ എച്ച് എന്‍ എ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരണമെന്ന് സ്വാമി ശാന്താനന്ദ അധ്യക്ഷപ്രസംഗത്തില്‍ ആഹ്വാനം ചെയ്തു .


കെ എച്ച് എന്‍ എ അംഗങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും , കൂടുതല്‍ ഐക്യത്തോടെ അനേകം കര്‍മ പരിപാടികളിലൂടെ കെ എച്ച് എന്‍ എ മുന്നോട്ടു കുതിക്കുമെന്നും ഡോ :രേഖാ മേനോന്‍ വ്യക്തമാക്കി .കെ എച്ച് എന്‍ എ എന്ന സംഘടന ഇന്നത്തെ നിലയിലേക്ക് എത്തിയത് ഒരു പാട് പേരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു, ഇവരുടെ പ്രയത്‌നത്തെ നന്ദിയോടെ സ്മരിക്കുന്നു. ഭാവി വാഗ്ദാനങ്ങള്‍ ആയ പുതു തലമുറയ്ക്ക് പ്രാധാന്യം കൊടുക്കുന്ന രണ്ടു വര്‍ഷമാണ് വരാന്‍ ഇരിക്കുന്നത് എന്നും അവര്‍ അറിയിച്ചു.


എത്രയൊക്കെ വെല്ലുവിളികള്‍ ഉണ്ടായാലും അതിനെ തരണം ചെയ്യാന്‍ പ്രാപ്തമായ ടീമിന്റെ സഹായത്തോടെ കെ എച് എന്‍ എ മുന്നോട്ടു പോകുമെന്ന് ട്രഷറര്‍ വിനോദ് കെയാര്‍കെ ഉറപ്പു നല്‍കി. 2019 ല്‍ പതിനെട്ടു വയസു തികയുന്ന കെ എച് എന്‍ എ എന്ന സംഘടനയെ കൂടുതല്‍ സുന്ദരിയാക്കി 2019 ലെ കണ്‍വെന്‍ഷന് ശേഷം ന്യൂ ജേഴ്‌സിയില്‍ നിന്നും മടക്കി അയക്കാന്‍ എല്ലാവരുടെയും മികച്ച സഹകരണം വൈസ് പ്രസിഡന്റ് ജയ് ചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.


രണ്ടാം തലമുറയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പല സംഘടനകളും ശ്രമിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു നോര്‍ത്ത് അമേരിക്കന്‍ ദേശീയ മലയാളി സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രണ്ടാം തലമുറയിലെ ഒരു വനിതാ പ്രതിനിധി ഉയര്‍ന്നു വരുന്നതെന്നും ഇത് മറ്റു സംഘടകള്‍ക്ക് മാതൃകയാണെന്നും കെ എച് എന്‍ എ യുടെയും മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യര്‍ഹ സേവനം കാഴ്ച്ച വച്ച ശ്രീ ആനന്ദന്‍ നിരവേല്‍ ആശംസാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കെ എച് എന്‍ എ യുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ടീം എന്ന നിലയില്‍ സമഗ്ര സംഭാവന നല്‍കാന്‍ പ്രാപ്തിയുള്ള സമിതി ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു, എന്റെ എല്ലാ വിധ ആശംസകളും പിന്തുണയും ഉണ്ടാകും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.


ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളായ ആനന്ദ് പ്രഭാകര്‍ (ചിക്കാഗോ), ബൈജു എസ് മേനോന്‍ (ചിക്കാഗോ), ഹരി ശിവരാമന്‍ (ഹൂസ്റ്റണ്‍), കൊച്ചുണ്ണി ഇളവന്‍മഠം (ന്യൂയോര്‍ക്ക്), പി എസ് നായര്‍ (ഒഹായോ), രാജീവ് ഭാസ്‌കരന്‍ (ന്യൂയോര്‍ക്ക്), രതീഷ് നായര്‍ (ഡി സി), സുനില്‍ നായര്‍ (ടെക്‌സാസ്), തങ്കമണി അരവിന്ദന്‍ (ന്യൂജേഴ്‌സി) എന്നിവരും ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ അരുണ്‍ രഘു (ഡി സി), രാജു പിള്ള (ഡാളസ്), രഞ്ജിത് നായര്‍ (ഹൂസ്റ്റണ്‍), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ന്യൂ യോര്‍ക്ക്), മധു പിള്ള (ന്യൂ യോര്‍ക്ക് ), ഹരി കൃഷ്ണന്‍ നമ്പൂതിരി (ടെക്‌സാസ്) എന്നിവരും പങ്കെടുത്തു.


ഡിട്രോയിറ്റ് കണ്‍വെന്‍ഷനേക്കാള്‍ മികവുറ്റ കണ്‍വെന്‍ഷന്‍ നടത്താന്‍ ന്യൂ ജേഴ്‌സി ടീമിന് സാധിക്കുമെന്നു താന്‍ കരുതുന്നുവെന്നു മുന്‍ ട്രസ്റ്റി ചെയര്‍മാന്‍ കൂടിയായ ഷിബു ദിവാകരന്‍ അഭിപ്രായപ്പെട്ടു, ഹരികൃഷ്ണന്‍ നമ്പുതിരി, രതീഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു . വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു തങ്കമണി അരവിന്ദന്‍ ,മധു കൊട്ടാരക്കര ,കൊച്ചുണ്ണി ഇളവന്‍ മഠം, മധു ചെറിയേടത്തു, മാലിനി നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .ശ്രീ സിജി ആനന്ദിന്റെ ഈശ്വര പ്രാര്‍ത്ഥനയിലൂടെ തുടങ്ങിയ ചടങ്ങുകള്‍ ന്യൂ ജേഴ്‌സിയിലെ അനുഗ്രഹീത കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ സംഗീതവും നൃത്തവും ഇടകലര്‍ന്ന മനോഹരമായ കലാസന്ധ്യയോട് കൂടി അവസാനിച്ചു. പ്രവീണാ മേനോന്‍ എം സി ആയി ചടങ്ങുകള്‍ നിയന്ത്രിച്ചു. ചിത്രാ മേനോന്‍ കലാ പരിപാടികള്‍ ഏകോപിപ്പിച്ചു. സമ്മേളനത്തിന് ആതിഥ്യം ഒരുക്കിയ കെ എച് എന്‍ ജെ ക്കു വേണ്ടി കോര്‍ഡിനേറ്റര്‍ കൂടിയായ രവി രാമചന്ദ്രന്‍, മധു ചെറിയേടത്തു (കെ എച് എന്‍ ജെ പ്രസിഡന്റ് ), മായാ മേനോന്‍ (സെക്രട്ടറി കെ എച് എന്‍ ജെ ), രതി മേനോന്‍, അരുണ്‍ നായര്‍, സഞ്ജീവ് കുമാര്‍, സുനില്‍ വീട്ടില്‍, രേഷ്മ അരുണ്‍, കൃഷ്ണകുമാര്‍ ,ജയ് രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Other News in this category4malayalees Recommends