യുഎസിന്റെ ബി-1ബി ബോംബറുകള്‍ കൊറിയന്‍ ഉപദ്വീപില്‍ സംയുക്ത അഭ്യാസപ്രകടനത്തിനെത്തി; യുഎസ്-ദക്ഷിണകൊറിയ മിലിട്ടറി ഡ്രില്‍ ഉത്തരകൊറിയക്കെതിരെയുള്ള യുദ്ധമാകാന്‍ സാധ്യതയേറി; എന്തിനും തയ്യാറായി പ്യോന്‍ഗ്യാന്‍ഗ്

യുഎസിന്റെ ബി-1ബി ബോംബറുകള്‍ കൊറിയന്‍ ഉപദ്വീപില്‍ സംയുക്ത അഭ്യാസപ്രകടനത്തിനെത്തി; യുഎസ്-ദക്ഷിണകൊറിയ മിലിട്ടറി ഡ്രില്‍ ഉത്തരകൊറിയക്കെതിരെയുള്ള യുദ്ധമാകാന്‍ സാധ്യതയേറി; എന്തിനും തയ്യാറായി പ്യോന്‍ഗ്യാന്‍ഗ്
യുഎസും ദക്ഷിണ കൊറിയയും കൊറിയന്‍ ഉപദ്വീപില്‍ നടത്തിക്കൊണ്ടിരിക്കുന്ന സംയുക്ത സൈനിക അഭ്യാസത്തില്‍ ഭാഗഭാക്കാകുന്നതിനായി യുഎസിന്റെ ബി-1ബി ബോംബറുകള്‍ എത്തിച്ചേര്‍ന്നു. ഇതോടെ ഉത്തരകൊറിയക്കെതിരെയുള്ള യുഎസ്-ദക്ഷിണ കൊറിയ സമ്മര്‍ദം രൂക്ഷമായി. ഇത് തികച്ചും പ്രകോപനപരമാണെന്ന് ആരോപിച്ച് പ്രതിരോധത്തിനൊരുങ്ങി ഉത്തരകൊറിയയും രംഗത്തെത്തിയതോടെ മേഖലയില്‍ ഏത് സമയത്തും ഒരു യുദ്ധം പൊട്ടുന്നതിനുള്ള സാധ്യതകള്‍ ശക്തമായിരിക്കുകയാണ്.

ഇവിടെ ഒരു ആണവയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിലേക്കാണ് ഈ നീക്കത്തിലൂടെ യുഎസ് സാഹചര്യമൊരുക്കിയിരിക്കുന്നതെന്നും പ്യോന്‍ഗ്യാന്‍ഗ് ആരോപിക്കുന്നു. യുഎസിന്റെ ബി-1ബി ബോംബറുകള്‍ അമേരിക്കയുടെ പസിഫിക്ക് ടെറിട്ടെറിയായ ഗുവാമില്‍ നിന്നും പറന്നുയര്‍ന്നാണ് യുഎസ് എഫ്-22, എഫ്-35 എന്നീ യുദ്ധവിമാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അഭ്യാസപ്പറക്കല്‍ നടത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വരെ നടത്തുന്ന ഈ ശക്തിപ്രകടനം വര്‍ഷം തോറും നടത്തി വരുന്നതാണെന്നാണ് യുഎസ് ന്യായീകരിച്ചിരിക്കുന്നത്.

ഏറ്റവും അത്യന്താധുനികമായ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ തങ്ങള്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തരകൊറിയ പ്രഖ്യാപനം നടത്തി ഒരു ആഴ്ചക്ക് ശേഷമാണ് സംയുക്ത അഭ്യാസപ്രകടനം ആരംഭിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. യുഎസ് വരെ എത്തുന്ന മിസൈലാണ് തങ്ങള്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നതെന്നാണ് പ്യോന്‍ഗ്യാന്‍ഗ് അവകാശപ്പെട്ടിരിക്കുന്നത്. യുഎന്നും യുഎസും മറ്റ് നിരവധി രാജ്യങ്ങളും അപലപിച്ചിട്ടും ഇത്തത്തില്‍ തങ്ങളുടെ ആയുധ പരീക്ഷണങ്ങളുമായി ഉത്തരകൊറിയ മുന്നോട്ട് പോകുന്നതാണ് ഇവിടെ ഇപ്പോള്‍ സംജാതമായിരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണം.

Other News in this category4malayalees Recommends