യുഎസില്‍ 2016ല്‍ വംശീയ വിദ്വേഷം നിറഞ്ഞ 6000ത്തില്‍ അധികം ആക്രമണങ്ങള്‍; ഹിന്ദുക്കള്‍ക്ക് നേരെ 12ഉം സിഖുകാര്‍ക്ക് നേരെ ഏഴും ആക്രമണങ്ങള്‍; കുറ്റകൃത്യങ്ങളില്‍ 3.1ശതമാനവും ഏഷ്യന്‍ വിരോധവും 1.3 ശതമാനം അറബി വിരോധവും മുന്‍നിര്‍ത്തിയുള്ളവ

യുഎസില്‍ 2016ല്‍ വംശീയ വിദ്വേഷം നിറഞ്ഞ 6000ത്തില്‍ അധികം ആക്രമണങ്ങള്‍; ഹിന്ദുക്കള്‍ക്ക് നേരെ 12ഉം സിഖുകാര്‍ക്ക് നേരെ ഏഴും ആക്രമണങ്ങള്‍; കുറ്റകൃത്യങ്ങളില്‍ 3.1ശതമാനവും ഏഷ്യന്‍ വിരോധവും 1.3 ശതമാനം അറബി വിരോധവും മുന്‍നിര്‍ത്തിയുള്ളവ
2016ല്‍ യുഎസില്‍ വംശീയ വിദ്വേഷത്താലുള്ള 6000ത്തില്‍ അധികം കുറ്റകൃത്യങ്ങളുണ്ടായെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വെളിപ്പെടുത്തുന്നു. ഹിന്ദുക്കള്‍, സിഖുകാര്‍ തുടങ്ങിയവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2015മായി താരതമ്യപ്പെടുത്തുമ്പോള്‍ അത്തരം കുറ്റകൃത്യങ്ങളില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായെന്നും എഫ്ബിഐ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇവയില്‍ ഭൂരിഭാഗം കുറ്റകൃത്യങ്ങളും കറുത്തവര്‍ഗക്കാര്‍ക്കോ, അല്ലെങ്കില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കോ നേരെയുണ്ടായ വംശീയ വിദ്വേഷം നിറഞ്ഞ ആക്രമണങ്ങളായിരുന്നുവെന്നും കണക്കുകള്‍ വിശദീകരിക്കുന്നു.

ഇതിന് പുറമെ ജുതന്‍മാര്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളില്‍ നാലിലൊന്നും മുസ്ലീംവിരോധം മുന്‍നിര്‍ത്തിയുള്ള ആക്രമണങ്ങളായിരുന്നു. ഹിന്ദുവിരോധം മുന്‍നിര്‍ത്തിയുള്ള 12 കുറ്റകൃത്യങ്ങളും സിഖുകാര്‍ക്കെതിരെ ഏഴ് ആക്രമണങ്ങളും കഴിഞ്ഞ വര്‍ഷം അരങ്ങേറിയിരുന്നുവെന്നാണ് ഇന്നലെ പുറത്ത് വിട്ട പുതിയ കണക്കുകളിലൂടെ എഫ്ബിഐ വിശദീകരിക്കുന്നത്. ബുദ്ധസമൂഹത്തിന് നേരെയുള്ള ഒരു ആക്രമണവും ഇക്കൂട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കുറ്റകൃത്യങ്ങളില്‍ 3.1ശതമാനവും ഏഷ്യന്‍ വിരോധത്തില്‍ അധിഷ്ഠിതമായിട്ടായിരുന്നുവെങ്കില്‍ 1.3 ശതമാനം അറബി വിരോധം മുന്‍നിര്‍ത്തിയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം വംശീയവിദ്വേഷം കലര്‍ന്ന 6121 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2014മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയില്‍ 10 ശതമാനമാണ് വര്‍ധവുണ്ടായിരിക്കുന്നതെന്നു എഫ്ബിഐ എടുത്ത് കാട്ടുന്നു. എഫ്ബിഐ കണക്കുകള്‍ കൃത്യമല്ലെന്നും സിഖ് സമൂഹത്തിന് നേരെയുണ്ടായ ആക്രമണങ്ങള്‍ ഇതിലും അധികമാണെന്നുമാണ് സിഖ് കോലിഷന്‍ വാദിക്കുന്നത്.

Other News in this category4malayalees Recommends