യു.എ.ഇ.യില്‍ നിത്യോപയോഗ സാധനങ്ങളുടെ വാറ്റ് നിരക്ക് പുറത്തിറക്കി

യു.എ.ഇ.യില്‍ നിത്യോപയോഗ സാധനങ്ങളുടെ വാറ്റ് നിരക്ക് പുറത്തിറക്കി
അബുദാബി: ഭക്ഷണമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വാറ്റ് നിരക്കുകള്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ.) പുറത്തിറക്കി. 2018 ജനുവരി ഒന്ന് മുതല്‍ യു.എ.ഇ.യില്‍ നിലവില്‍ വരുന്ന വാറ്റ് ബാധകമാവുന്ന ഉത്പന്നങ്ങളും സേവനങ്ങളും വാറ്റ് ബാധകമാവാത്ത മേഖലകളെക്കുറിച്ചുള്ള വിശദവിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പട്ടിക.

വിദ്യാഭ്യാസം, ആരോഗ്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തികസേവനങ്ങള്‍, ആഭരണങ്ങള്‍, ഗതാഗതം, ഭക്ഷണം, എണ്ണപാചക വാതകം, സര്‍ക്കാര്‍ സേവനങ്ങള്‍, ടെലി കമ്യൂണിക്കേഷന്‍ തുടങ്ങി ജനജീവിതവുമായി ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ വാറ്റ് നിലവില്‍ വരുന്നതോടെയുണ്ടാവുന്ന മാറ്റങ്ങളാണ് എഫ്.ടി.എ. വ്യക്തമാക്കിയിരിക്കുന്നത്.


ഉന്നത വിദ്യാഭ്യാസമൊഴികെയുള്ള സ്വകാര്യ, പൊതു വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ഇല്ല. സര്‍ക്കാര്‍സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ലഭ്യമാക്കുന്ന ഉന്നതവിദ്യാഭ്യാസത്തിനും ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ഇല്ല. സ്വകാര്യസ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന ഉന്നത വിദ്യാഭ്യാസത്തിനും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും. നഴ്‌സറി വിദ്യാഭ്യാസത്തിനും പ്രീ സ്‌കൂള്‍ വിദ്യാഭാസത്തിനും വാറ്റ് ഇല്ല. സ്‌കൂള്‍ യൂണിഫോമുകള്‍ക്ക് അഞ്ചുശതമാനം വാറ്റ് ഈടാക്കും. സ്റ്റേഷനറി സാധനങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും.

ടാബ്ലെറ്റുകളും ലാപ്‌ടോപ്പുകളുമടക്കമുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും. പരിപാടികള്‍ക്കായി സ്‌കൂള്‍ കളിസ്ഥലം വാടകയ്ക്ക് നല്‍കുന്നതിന് അഞ്ചു ശതമാനം വാറ്റ് ഈടാക്കും. അധിക ഫീസ് നല്‍കി നടത്തുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും. അധിക ഫീസ് ഈടാക്കാതെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വാറ്റ് ഇല്ല. പാഠ്യപദ്ധതി പ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന യാത്രകള്‍ക്ക് വാറ്റ് ഇല്ല. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടാത്ത വിനോദ യാത്രകള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും

രോഗനിവാരണത്തിനായി നടത്തുന്ന കുത്തിവെപ്പുകള്‍ക്ക് വാറ്റ് ഇല്ല. മനുഷ്യര്‍ക്ക് നല്‍കുന്ന ചികിത്സയ്ക്കും മെഡിക്കല്‍ സേവനങ്ങള്‍ക്കും ദന്ത പരിചരണങ്ങള്‍ക്കും വാറ്റ് ഇല്ല. ചികിത്സയ്‌ക്കോ രോഗനിവാരണ കുത്തിവെപ്പുകള്‍ക്കോ പുറമേ നടത്തുന്ന കോസ്‌മെറ്റിക് ചികിത്സാ രീതിപോലുള്ളവയ്ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും.യു.എ.ഇ. മന്ത്രിസഭാ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വാറ്റ് ഇല്ല.

യു.എ.ഇ. മന്ത്രിസഭാ അംഗീകൃതപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും. മറ്റ് മെഡിക്കല്‍ സാധനങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും

ആരോഗ്യം, വാഹനം, വസ്തു തുടങ്ങിയവയ്ക്കുള്ള ഇന്‍ഷുറന്‍സിനും റീ ഇന്‍ഷുറന്‍സിനും അഞ്ചു ശതമാനം വാറ്റ് ഈടാക്കും.
Other News in this category4malayalees Recommends