ദുബായ് രാജ്യാന്തര ചലച്ചിത്ര മേള തുടങ്ങി

ദുബായ് രാജ്യാന്തര ചലച്ചിത്ര മേള തുടങ്ങി
ദുബായ്: ലോകോത്തര സിനിമകളും ചലച്ചിത്ര പ്രതിഭകളും അണിനിരക്കുന്ന 14ാമത് ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേള (ഡിഫ് ) തുടങ്ങി. ബുധനാഴ്ച രാത്രി മേളയിലെ ചുവപ്പു പരവതാനിയില്‍ പ്രകാശം പരത്തിയെത്തിയത് വെള്ളിത്തിരയിലെ മിന്നുംതാരങ്ങളാണ്. സിനിമ നിങ്ങളെ കണ്ടെത്തട്ടെ എന്ന പ്രമേയവുമായൊരുങ്ങിയിരിക്കുന്ന മേളയില്‍ ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാനും സോനം കപൂറുമാണ് ആദ്യ ദിനമെത്തിയത്.

മേളയില്‍ ആദരിക്കപ്പെടുന്നതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു. മേളയില്‍ ഓണററി അവാര്‍ഡ് നല്‍കി ആദരിക്കുന്ന നാല് പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരില്‍ ഒരാളാണ് ഇര്‍ഫാന്‍ ഖാന്‍. ഹോളിവുഡ് നടന്‍ പാട്രിക് സ്റ്റീവര്‍ട്, നെറ്റ്ഫ്‌ലിക്‌സ് ഷോ താരം ഡേവിഡ് ഹാര്‍ബര്‍, ഇമിറാത്തി സംവിധായിക നൈല അല്‍ ഖാജാ തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉദ്ഘാടന ദിവസം മേളയിലെത്തി.

ദ ബീച്ചില്‍ സൗജന്യമായി പ്രദര്‍ശിപ്പിച്ച ഇറാനിയന്‍ ചലച്ചിത്രകാരന്‍ മാജിദ് മജീദി ആദ്യമായി ഹിന്ദിയില്‍ സംവിധാനം ചെയ്ത ബിയോണ്ട് ദ് ക്ലൗഡ്‌സ് കാണാനും ഒട്ടേറെ സിനിമാസ്വാദകര്‍ എത്തി. 51 രാജ്യങ്ങളില്‍ നിന്നും 38 ഭാഷകളിലായി ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങളടക്കം 140 ചിത്രങ്ങള്‍ ഡിഫില്‍ പ്രദര്‍ശിപ്പിക്കും.
Other News in this category4malayalees Recommends