വാറ്റ് മൂലം പ്രവാസികളുടെ ചെലവില്‍ കാല്‍ലക്ഷം രൂപയുടെ വര്‍ധന

വാറ്റ് മൂലം പ്രവാസികളുടെ ചെലവില്‍ കാല്‍ലക്ഷം രൂപയുടെ വര്‍ധന
അബുദാബി: യുഎഇയും സൗദിഅറേബ്യയും നവവത്സരം മുതല്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തിയതോടെ പ്രവാസികളായ സാധാരണക്കാരുടെ ജീവിതച്ചെലവില്‍ പ്രതിവര്‍ഷം കാല്‍ലക്ഷം രൂപ മുതല്‍ മുപ്പത്തയ്യായിരം രൂപ വരെ വര്‍ധനവുണ്ടാകുമെന്ന് നികുതിവിദഗ്ധരുടെ കണക്ക്. നിത്യോപയോഗസാധനങ്ങളില്‍ വാറ്റു മൂലമുണ്ടാകുന്ന വിലക്കയറ്റമാകും ശരാശരി പ്രവാസികളെ അലട്ടുക. അടുത്തവര്‍ഷം വാറ്റ് മുഖേനയുള്ള വരുമാനം ഇരട്ടിയാകുമെന്ന യുഎഇ നല്‍കുന്ന സൂചനയില്‍ നിന്നും പിന്നെയും പ്രവാസികളെ കാത്തിരിക്കുന്നത് ദുരിതപ്പേമാരി.

വാറ്റ് പ്രാബല്യത്തിലാകുന്നത് മുന്‍കൂട്ടി കണ്ട് രണ്ടും മൂന്നും മാസത്തേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങികൂട്ടിയവരും ഏറെ. നവവത്സരത്തലേന്ന് മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും അവശ്യസാധനങ്ങള്‍ മുന്‍കൂട്ടി സംഭരിച്ച് ചുരുങ്ങിയ കാലത്തേയ്‌ക്കെങ്കിലും വാറ്റിനെ തോല്‍പിക്കാനെത്തിയ ഉപഭോക്താക്കളുടെ വലിയ തിരക്ക് കാണാമായിരുന്നു. പുകയില ഉല്‍പന്നങ്ങള്‍, സിഗരറ്റ്, ചുരുട്ട്, ഊര്‍ജ്ജദായക പാനീയങ്ങള്‍ എന്നിവയ്ക്ക് നേരത്തേതന്നെ 50 മുതല്‍ നൂറ് ശതമാനം വരെ എക്‌സൈസ് തീരുവ ചുമത്തിയിരുന്നുവെങ്കിലും ഇവയുടെ ഉപഭോഗം കുറഞ്ഞേക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റിയെന്നാണ് വിപണിവൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.

വെള്ളം, വൈദ്യുതി, ടെലിഫോണ്‍ മേഖലകളും വാറ്റിന്റെ പരിധിയില്‍ വരുന്നതിനാല്‍ ദുരിതം പിന്നെയുമേറും. സാധാരണക്കാരായ പ്രവാസികള്‍ യുഎഇയില്‍ നിന്നും നാട്ടിലേയ്ക്ക് വിളിക്കാന്‍ ഉപയോഗിക്കുന്ന എത്തിസലാത്തിന്റെ ഫൈവ്കാര്‍ഡിന്റേയും ഡുവിന്റെ ഹലോകാര്‍ഡിന്റെയും വില 375 രൂപയില്‍ നിന്നും നാനൂറു രൂപയോളമായതിനാല്‍ നാട്ടിലേയ്ക്കുള്ള പ്രവാസികളുടെ ഫോണ്‍വിളികളുടെ എണ്ണം കുറയും. വാടകയില്‍ നിന്നും വാറ്റ് ഈടാക്കില്ലെങ്കിലും വിദ്യാഭ്യാസച്ചെലവ് കുത്തനെ ഉയരുന്നതിനാല്‍ ഇടത്തരം വരുമാനക്കാരായ പ്രവാസികള്‍ കുട്ടികളെയും കുടുംബങ്ങളെയും തിരിച്ചു നാട്ടിലേയ്ക്ക് പറിച്ചുനടും. ഇന്ത്യന്‍ സ്‌കൂളുകളിലെ ടി സിക്കുള്ള അപേക്ഷകളുടെ അഭൂതപൂര്‍വമായ ബാഹുല്യം കുടുംബങ്ങളുടെ ഈ തിരിച്ചൊഴുക്കിന്റെ സൂചനയായി. അഞ്ച് ശതമാനമാണ് വാറ്റ് എങ്കിലും ജീവിതച്ചെലവില്‍ 17 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാല്‍ പ്രതിവര്‍ഷം 60 ലക്ഷത്തോളം രൂപ വരെ വിറ്റുവരബഖലകള്‍ എന്ന ചെറുകിട വില്‍പനശാലകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ വാറ്റ് ബാധകമാവില്ല. ബഖലകള്‍ നടത്തുന്നവരില്‍ 80 ശതമാനത്തിലേറെയും മലയാളികളാണ്. വാറ്റില്‍ നിന്നൊഴിവായതോടെ ബഖലകളില്‍ കച്ചവടം പച്ചപിടിക്കുമെന്ന പ്രത്യാശയാണുള്ളതെന്ന് അബുദാബിയിലെ ഒരു ബഖല ഉടമയായ ഗുരുവായൂര്‍ സ്വദേശി ബാലന്‍ പറഞ്ഞു. വിനോദകാര്യങ്ങളും ഇനി വെട്ടിച്ചുരുക്കേണ്ടിവരും. സിനിമ തുടങ്ങിയ കലാപരിപാടികളേയും കലാപ്രദര്‍ശനങ്ങളേയും വിനോദക്കാഴ്ചകളേയും വാറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനാല്‍ വിനോദോപാധികള്‍ പരിമിതമാക്കാനും കലോത്സുകരായ പ്രവാസികള്‍ നിര്‍ബന്ധിതമാവും.
Other News in this category4malayalees Recommends