പ്രകൃതി ചികിത്സയ്ക്ക് വിധേയായ 23കാരി പ്രസവത്തിനിടെ മരിച്ചു: ആശുപത്രിക്ക് അംഗീകാരമില്ല

പ്രകൃതി ചികിത്സയ്ക്ക് വിധേയായ 23കാരി പ്രസവത്തിനിടെ മരിച്ചു: ആശുപത്രിക്ക് അംഗീകാരമില്ല
മലപ്പുറം: വാട്ടര്‍ ബെര്‍ത്ത് ചികിത്സയ്‌ക്കെത്തിയ 23കാരി മരിച്ചു. മഞ്ചേരിയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ പ്രകൃതി ചികിത്സയ്ക്കിടെയാണ് സംഭവം. വളവന്നുര്‍ സ്വദേശിയായ 23കാരി പ്രസവത്തിനിടെ മരണപ്പെട്ടത്.

വെള്ളത്തിലൂടെയുള്ള പ്രസവം വഴി വേദനയില്ലാതെ കുഞ്ഞിനെ പ്രസവിക്കാമെന്ന് പറഞ്ഞാണ് ഇവര്‍ യുവതിയുടെ ബന്ധുക്കളെ കൈയിലെടുത്തത്. എന്നാല്‍ പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങുകയും യുവതിക്ക് ബിപി വര്‍ധിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു. തുടര്‍ന്ന് ഇതേ ആശുപത്രിയിലെ തന്നെ ആധുനിക വൈദ്യവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു.

നേരത്തെ മലപ്പുറം കോട്ടക്കലിനടുത്ത് വാട്ടര്‍ബെര്‍ത്തിനിടെ കുട്ടി മരിച്ചത് വിവാദമായിരുന്നു. എന്നാല്‍ അതേ പ്രകൃതി ചികിത്സകന്‍ തന്നെയാണ് ഇപ്പോള്‍ പേരുമാറ്റി മഞ്ചേരിയിലും എത്തിയത്. നേരത്തെ ഇയാള്‍ കേസില്‍ കുടുങ്ങിയെങ്കിലും ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.

സംഭവം ആശുപത്രി അധികൃതര്‍ രഹസ്യമാക്കിവെച്ചെങ്കിലും ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്ക് കിട്ടിയ പരാതിയെ തുടര്‍ന്നാണ് വിവരം പുറംലോകം അറിഞ്ഞത്. ഒരേ ആശുപത്രിയില്‍തന്നെ അലോപ്പതിക്കും പ്രകൃതിചികിത്സക്കും അനുമതികൊടുക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കേ, മഞ്ചേരിയിലെ ആശുപത്രിക്ക് എങ്ങനെ അംഗീകാരം കിട്ടിയെന്നതും സംശയമാണ്.


Other News in this category4malayalees Recommends