സര്‍ക്കാരിന് പുതിയ പണിയുമായി സെന്‍കുമാര്‍ ; വക്കീല്‍ ഫീസിന് ചിലവായ അഞ്ചു ലക്ഷം നല്‍കണമെന്നാവശ്യം

സര്‍ക്കാരിന് പുതിയ പണിയുമായി സെന്‍കുമാര്‍ ; വക്കീല്‍ ഫീസിന് ചിലവായ അഞ്ചു ലക്ഷം നല്‍കണമെന്നാവശ്യം
സുപ്രീം കോടതി വിധിയിലൂടെ സംസ്ഥാന പോലീസ് മേധാവിയുടെ കസേര പിടിച്ചുവാങ്ങിയ ടി.പി. സെന്‍കുമാര്‍ നിയമനടപടിക്കു തനിക്കു ചെലവായ അഞ്ചുലക്ഷം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വീണ്ടും പണി കൊടുക്കുകയാണ്. അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോയും സെന്‍കുമാറും തമ്മിലുള്ള പോരാണ് സുപ്രീംകോടതിവരെ കാര്യങ്ങളെത്തിച്ചത്. നളിനി നെറ്റോയുടെ ശിപാര്‍ശ പ്രകാരമാണ് സെന്‍കുമാറിന്റെ കസേര തെറിച്ചത്. ഒടുവില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നാണം കെട്ടു. സര്‍ക്കാരിന്റെ തെറ്റായ നടപടിയെത്തുടര്‍ന്നാണ് തനിക്കു സുപ്രീം കോടതിയില്‍ പോകേണ്ടിവന്നതെന്നും അതിനു തനിക്ക് ചിലവായ4,95,000 രൂപ നല്‍കണമെന്നുമാവശ്യപ്പെട്ട് ടി.പി. സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി.

പ്രശസ്ത പ്രശാന്ത് ഭൂഷണു നല്‍കിയ 4,95,000 രൂപയുടെ ഫീസിന്റെ രേഖ അടക്കമാണ് സെന്‍കുമാറിന്റെ അപേക്ഷ. ചീഫ് സെക്രട്ടറി കത്ത് നിയമോപദേശത്തിനായി നിയമവകുപ്പിന് കൈമാറി.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ടി.പി. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി പദവിയില്‍നിന്നു നീക്കി പകരം ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നിയമിക്കുകയായിരുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ടപകടവും ജിഷ വധവും അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു ഇടതുസര്‍ക്കാര്‍ സെന്‍കുമാറിനെ നീക്കിയത്. സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്നു സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുളള സെന്‍കുമാറിന്റെ പ്രവേശനവും സര്‍ക്കാര്‍ തടഞ്ഞു. ഏകപക്ഷീയമായ നിലപാടുകളാണ് സര്‍ക്കാര്‍ സെന്‍കുമാറിനെതിരേ സ്വീകരിച്ചതെന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്. തുടര്‍ന്ന് സെന്‍കുമാറിന് ഡി.ജി.പി. സ്ഥാനം നല്‍കേണ്ടി വന്നു സര്‍ക്കാരിന്.ചിലവായ പണം നല്‍കേണ്ട അവസ്ഥയുമായി നിലവില്‍.



Other News in this category



4malayalees Recommends