പാകിസ്താന്‍ പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് യുഎസ് ; കടുത്ത ആശങ്കയുണ്ടാക്കുന്നതെന്ന് മുന്നറിയിപ്പ്

പാകിസ്താന്‍ പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് യുഎസ് ; കടുത്ത ആശങ്കയുണ്ടാക്കുന്നതെന്ന് മുന്നറിയിപ്പ്
മധ്യദൂര ക്രൂസ് മിസൈലുകള്‍ അടക്കം പാകിസ്ഥാന്‍ പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുകയാണെന്നും ഇത് തെക്കന്‍ ഏഷ്യന്‍ മേഖലകളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നതായും അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തോടെ ഉത്തര കൊറിയയുടെ നശീകരണ സ്വഭാവമുള്ള ആണവായുധങ്ങള്‍ അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്നും യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്ട്‌സ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ വ്യക്തമാക്കി.

അമേരിക്ക പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പാകിസ്ഥാന്‍ ഭീകരരുമായുള്ള ബന്ധം തുടരുകയാണ്. ലഷ്‌കറെ തയിബ അടക്കമുള്ള ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാന്‍ ഇപ്പോഴും സുരക്ഷിത താവളമൊരുക്കുന്നുണ്ട്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് ഈ ഭീകരരുടെ ലക്ഷ്യങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനിലേക്കും സിറിയയിലേക്കും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ കയറ്റുമതി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2007 ല്‍ സിറിയയില്‍ ആണവ റിയാക്ടര്‍ നിര്‍മ്മിക്കുന്നതിന് ഉത്തര കൊറിയ സഹായം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ഒരു ഭുഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും കൊറിയ പരീക്ഷിച്ചിട്ടുണ്ടെന്നും കോട്ട്‌സ് വിശദീകരിച്ചു.

അമേരിക്കയ്ക്ക് തന്നെ ഭീഷണി ആയേക്കാവുന്ന ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തര കൊറിയയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Other News in this category4malayalees Recommends