യുഎഇയില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

യുഎഇയില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

അബുദാബി: ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി യുഎഇ നാഷണല്‍ മീഡിയ കൗണ്‍സില്‍. വാര്‍ത്താ വെബ്‌സൈറ്റുകള്‍, ഇകൊമേഴ്‌സ്, ഇപ്രസാധനം, വീഡിയോ, ഓഡിയോ, പരസ്യങ്ങള്‍, സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. മതപരവും സാംസ്‌കാരികവും സാമൂഹികവുമായ തലങ്ങളെ അപകീര്‍ത്തിപ്പെടുത്താത്ത രീതിയിലുള്ള മാധ്യമപ്രവര്‍ത്തനം മാത്രമേ നടത്താവൂ എന്നുള്ളതാണ് പ്രധാന നിര്‍ദേശം. ക്രിയാത്മകമായ കാര്യങ്ങളല്ലാതെ നെഗറ്റീവ് പബ്ലിസിറ്റിയുടെ ഭാഗമായി വാര്‍ത്തകള്‍ നല്‍കാന്‍ പാടില്ല. ഫ്രീസോണിലെ കമ്പനികള്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണ്. മൂന്നു മാസത്തെ സമയം പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അനുവദിച്ചിട്ടുണ്ട്. അബുദാബിയില്‍ നാഷണല്‍ മീഡിയ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ വാണിജ്യപരമായ പ്രചാരണങ്ങള്‍ക്കും കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി. വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന ഒരു വാര്‍ത്തയും ചെയ്യാന്‍ പാടില്ല. പ്രത്യേകിച്ചും കുട്ടികളുടെ സ്വകാര്യത വളരെ ഗൗരവമായി എടുക്കണമെന്നും നാഷണല്‍ മീഡിയാ കൗണ്‍സില്‍ വ്യക്തമാക്കി. കുട്ടികളുടെ വളര്‍ച്ചയെയും വ്യക്തിത്വ വികസനത്തെയും ബാധിക്കുന്ന ഒന്നുംതന്നെ മാധ്യമങ്ങളില്‍ വരുന്നില്ലെന്ന് യു.എ.ഇ.യില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. നിലവില്‍ യു.എ.ഇ.യിലെ സിനിമാ തിേയറ്ററുകളില്‍ പ്രായത്തിനനുസരിച്ചുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നത്. ഇതേ മാതൃകയില്‍ ടെലിവിഷന്‍, ഓണ്‍ലൈന്‍, റേഡിയോ, വീഡിയോ ഗെയിംസ് എന്നിങ്ങനെയുള്ള മാധ്യമങ്ങളിലെ ഉള്ളടക്കം തരംതിരിച്ച് നല്‍കണമെന്നും മീഡിയാ കൗണ്‍സില്‍ നിര്‍ദേശിക്കുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ഇതൊഴിവാക്കാന്‍ ലൈസന്‍സ് എത്രയും പെട്ടെന്ന് എടുക്കണമെന്നും മീഡിയ കൗണ്‍സില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, സ്‌കൂള്‍ സര്‍വകലാശാല വെബ്‌സൈറ്റുകള്‍ എന്നിവയെ ലൈസന്‍സ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലൈസന്‍സിനപേക്ഷിക്കുന്നവരുടെ പ്രായം, സ്വഭാവം എന്നിവ പരിശോധിക്കും. കുറ്റകൃത്യങ്ങളില്‍ പങ്കില്ലെന്നതിനു തെളിവ്, ഉയര്‍ന്ന അക്കാദമിക നിലവാരം, ലൈസന്‍സിന് അപേക്ഷിച്ചിരിക്കുന്ന പ്രവര്‍ത്തനത്തിലെ പരിചയം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുക. എന്നാല്‍ രാജ്യത്ത് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത മാധ്യമങ്ങളായ ടെലിവിഷന്‍, റേഡിയോ, പത്രം, മാസികകള്‍ എന്നിയുടെ വെബ്‌സൈറ്റുകള്‍ക്ക് പുതിയ ലൈസന്‍സ് ആവശ്യമില്ല

Other News in this category4malayalees Recommends