ജോലിക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമെന്ന് യു.എ.ഇ. വീണ്ടും

ജോലിക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമെന്ന് യു.എ.ഇ. വീണ്ടും
ദുബായ്: യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് നാട്ടിലെ സ്വഭാവസര്‍ട്ടിഫിക്കറ്റ് (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) ആവശ്യമാണെന്ന നിബന്ധനയില്‍ മാറ്റമൊന്നുമില്ലെന്ന് യു.എ.ഇ. തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ച് അറിയിച്ചു.

തൊഴില്‍ വിസ ലഭിക്കുന്നതിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്ന് യു.എ.ഇ. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് ഇമറാത്തൈസേഷന്‍ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍നിന്നുള്ളവരെ ഒഴിവാക്കിയെന്ന ചില റേഡിയോ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. ഈ പ്രചാരണം തെറ്റാണെന്ന് ബുധനാഴ്ച തൊഴില്‍ മന്ത്രാലയം വിശദീകരണം നല്‍കിയിരുന്നു.

എന്നാല്‍, ഔദ്യോഗിക വിസാസേവനസംവിധാനമായ 'തസ്ഹീലി'ല്‍നിന്ന്, സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കാതെതന്നെ വ്യാഴാഴ്ചയും ചില വിസകള്‍ വിതരണം ചെയ്തു എന്ന പ്രചാരണത്തോടെയാണ് ആശയക്കുഴപ്പം വീണ്ടും ഉടലെടുത്തത്. 'തഹ്‌സീലി'ന്റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള 'ഓപ്ഷന്‍' ഇല്ലെന്നതാണ് ഇതിനുകാരണമായി അധികൃതര്‍ പറഞ്ഞത്.

ഫെബ്രുവരി നാലുമുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് നാട്ടില്‍നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. യു.എ.ഇ.യില്‍ പുതുതായി തൊഴില്‍ നേടുന്നവര്‍ക്ക് നാട്ടില്‍ കുറ്റകൃത്യപശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്നതിനാണിത്. യു.എ.ഇ.യിലുള്ളവര്‍ തൊഴില്‍ മാറുമ്പോള്‍ അടുത്ത പോലീസ് സ്റ്റേഷനില്‍നിന്ന് ഇത് സമ്പാദിക്കേണ്ടതുമുണ്ട്. ഫെബ്രുവരിയില്‍ നടപ്പാക്കിയ ഈ പരിഷ്‌കാരം നാട്ടില്‍നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് വലിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. നാട്ടില്‍ ഇതുസംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ചാണ് പരാതികള്‍ ഏറെയും. അതിനിടയിലാണ് നിയമത്തില്‍ ഇളവുണ്ടെന്ന പ്രചാരണം ശക്തമായത്.
Other News in this category



4malayalees Recommends