സോളാര്‍കേസ് വീണ്ടും ; സരിതയുടെ കത്ത് ഒഴിവാക്കിയാലും തട്ടിപ്പ് കേസ് അന്വേഷിക്കാമെന്ന് നിയമോപദേശം ; കേസ് വീണ്ടും ഉമ്മന്‍ചാണ്ടിയ്ക്ക് തലവേദനയാകുന്നു

സോളാര്‍കേസ് വീണ്ടും ; സരിതയുടെ കത്ത് ഒഴിവാക്കിയാലും തട്ടിപ്പ് കേസ് അന്വേഷിക്കാമെന്ന് നിയമോപദേശം ; കേസ് വീണ്ടും ഉമ്മന്‍ചാണ്ടിയ്ക്ക് തലവേദനയാകുന്നു
കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയ്ക്ക് തലവേദനയായി വീണ്ടും സോളാര്‍ കേസ്. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിപ്രകാരം പ്രഥമദൃഷ്ട്യാ കേസെടുക്കാമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കി. സോളാര്‍ കേസിനു തടസം സൃഷ്ടിച്ച മറ്റെല്ലാ നിയമോപദേശവും മറികടന്ന് അന്വേഷണം തുടരാനാണു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ശിപാര്‍ശ. ഇതോടെ എത്രയുംവേഗം അന്വേഷണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുമെന്നാണു സൂചന. സോളാര്‍ കേസില്‍ സരിതയുടെ പരാതിപ്രകാരം യു.ഡി.എഫ്. നേതാക്കളുടെ പങ്ക് അന്വേഷിക്കാനാണു സര്‍ക്കാര്‍ നീക്കം. കേസില്‍ സരിതയുടെ കത്ത് പരിഗണിക്കരുതെന്ന ഹൈക്കോടതി വിധി മാനിച്ചാകും അന്വേഷണം. കത്ത് പരിഗണിക്കാതെതന്നെ തട്ടിപ്പു കേസില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാമെന്നു ഡി.ജി.പിയുടെ നിയമോപദേശത്തില്‍ പറയുന്നു.

ജസ്റ്റിസ് ജി. ശിവരാജന്‍ അധ്യക്ഷനായ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണു സോളാര്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്.എന്നാല്‍, ഈ കത്തും അതിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളും ശിപാര്‍ശയും ഉള്‍പ്പെട്ട റിപ്പോര്‍ട്ടിലെ ഭാഗങ്ങളും അതിന്റെ പേരിലുള്ള നടപടികളും ഹൈക്കോടതി റദ്ദാക്കി.

രാജേഷ് ദിവാന്‍ വിരമിച്ചശേഷം ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി: ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുളള പ്രത്യേകസംഘം സരിതയില്‍നിന്നു മൊഴിയെടുത്തിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരിക്കല്‍കൂടി നിയമോപദേശം തേടാന്‍ കഴിഞ്ഞമാസമാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. നിയമോപദേശം ലഭിച്ചതോടെ താമസിയാതെ നടപടികള്‍ തുടങ്ങിയേക്കും.

Other News in this category



4malayalees Recommends