20 കൊല്ലത്തിന് ശേഷം ഫ്രാന്‍സ് ; ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ചു

20 കൊല്ലത്തിന് ശേഷം ഫ്രാന്‍സ് ; ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ചു
കാല്‍പ്പന്ത് പോരാട്ടത്തിന് ഫ്രാന്‍സിന്റെ കിരീടധാരണത്തോടെ ശുഭാന്ത്യം. ലുഷ്‌കിനിയിലെ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി, ലോകകപ്പെന്ന ക്രൊയേഷ്യയുടെ സ്വപ്നം ഫ്രഞ്ച് പട അവസാനിപ്പിച്ചു.

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ലോകജേതാക്കളായത്. 2006 ല്‍ സിനദിന്‍ സിദാന്‍ ചുണ്ടോളം കൊണ്ടുവന്നെത്തിച്ച കപ്പില്‍ ദെഷാംപിന്റെ യുവനിര മുത്തമിട്ടു. കളിക്കാരനായും പരിശീലകനായും ലോകകിരീടമെന്ന നേട്ടം ദിദിയര്‍ ദെഷാംപ്‌സ് സ്വന്തമാക്കി.

ക്രൊയേഷ്യയുടെ സര്‍വാധിപത്യത്തിലൂടെയായിരുന്നു കളി തുടങ്ങിയത്. ആദ്യ 15 മിനിറ്റില്‍ തന്നെ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച ടോട്ടല്‍ ഫുട്‌ബോള്‍ മോഡ്രിച്ചും സംഘവും കാഴ്ചവെച്ചപ്പോള്‍ ഫ്രാന്‍സ് വിയര്‍ക്കുമെന്ന് തോന്നിച്ചു. എന്നാല്‍ 19ാം മിനിറ്റില്‍ ഫ്രീകിക്ക് ഗോളാക്കി മാറ്റി ഫ്രാന്‍സ് കളിയിലേക്ക് തിരിച്ചുവന്നു.

ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് തടയാനായി ഉയര്‍ന്ന് ചാടിയ മാന്‍ഡ്‌സുകിച്ചിന്റെ തലയില്‍ കൊണ്ട പന്ത് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ സുബാസിച്ചിനെ കടന്നു വലയില്‍ പതിക്കുകയായിരുന്നു.

ഗ്രീസ്മാനായിരുന്നു ഫ്രഞ്ച് പടയുടെ ഫ്രീകിക്കെടുത്തത്. എന്നാല്‍ 10 മിനിറ്റിനുള്ളില്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചതോടെ കളി ആവേശത്തിലായി. വിദയുടെ അസിസ്റ്റില്‍ നിന്നായിരുന്നു പെരിസിച്ചിന്റെ ഗോള്‍.ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചു. 36ാം മിനിറ്റിലായിരുന്നു ഗ്രീസ്മാന്റെ ഗോള്‍.

രണ്ടാം പകുതി തുടങ്ങി 59ാം മിനിറ്റില്‍ പോള്‍ പോഗ്‌ബെ ഫ്രാന്‍സിന് വീണ്ടും ലീഡ് നല്‍കി. ആരവം അടങ്ങും മുന്‍പ് 65ാം മിനിറ്റില്‍ എംബാപ്പെയും ഫ്രാന്‍സിനായി ഗോള്‍ നേടി.എന്നാല്‍ 69ാം മിനിറ്റില്‍ ഫ്രഞ്ച് ഗോള്‍കീപ്പര്‍ ലോറിസിനെ കബളിപ്പിച്ച് മാന്‍ഡ്‌സുകിച്ച് ക്രൊയേഷ്യയ്ക്കായി രണ്ടാം ഗോള്‍ നേടി പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ഫ്രാന്‍സിന്റെ രണ്ടാം കിരീടമാണിത്. 1998 ല്‍ ഫ്രാന്‍സ് കിരീടം നേടിയിരുന്നു.



Other News in this category



4malayalees Recommends