ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലെ തീപിടുത്തം ; അട്ടിമറി സംശയത്തില്‍ ജീവനക്കാരായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലെ തീപിടുത്തം ; അട്ടിമറി സംശയത്തില്‍ ജീവനക്കാരായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അട്ടിമറി സംശയത്തെ തുടര്‍ന്ന് ജീവനക്കാരായ രണ്ട് ബംഗാളികളെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. സംഭവ ദിവസം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം വരെ ജോലിയിലുണ്ടായിരുന്ന ഇവര്‍ ജോലി സമയം കഴിഞ്ഞ് കമ്പനിയില്‍ ആദ്യം തീപിടിത്തമുണ്ടായ മൂന്നു നിലകെട്ടിടത്തിലെ സ്റ്റോര്‍ റൂമിന് സമീപം ദുരൂഹ സാഹചര്യത്തില്‍ നില്‍ക്കുന്നത് സിസിടിവിയില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ പത്തുവര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരുമെന്നാണ് സൂചന. സ്റ്റോര്‍ റൂമിന് സമീപത്തേക്ക് ഇവര്‍ക്ക് പ്രവേശിക്കേണ്ട കാര്യമില്ല. ജോലി സമയം കഴിഞ്ഞ് കമ്പനിയ്ക്കുളളില്‍ ഇവര്‍ ചുറ്റിതിരിഞ്ഞതും മുകള്‍ നിലയില്‍ നിന്ന് തീപിടിത്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് അവര്‍ രക്ഷപ്പെട്ടതുമാണ് സംശയങ്ങള്‍ക്കിടയാക്കുന്നത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് കരുതിയിരുന്നെങ്കിലും കമ്പനിയില്‍ പല തവണ അഗ്‌നി ബാധയുണ്ടായത് സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയിലെ സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ പൊലീസ് ദിവസങ്ങളായി ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലായ രണ്ട് ജീവനക്കാരുടെ മൊബൈല്‍ഫോണുകള്‍ പൊലീസ് പിടികൂടി വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ എന്തെങ്കിലും വിധത്തിലുളള അട്ടിമറിയുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ജോലികഴിഞ്ഞ് കമ്പനിയുടെ മൂന്നുനിലകെട്ടിടത്തില്‍ സ്റ്റോര്‍ റൂമിന് സമീപത്തേക്ക് പോയതെന്തിനെന്ന ചോദ്യത്തിന് ഇവരില്‍ നിന്ന് വ്യക്തമായ വിവരം പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന.

Other News in this category



4malayalees Recommends